കാരുണ്യത്തിന്റെ മാലാഖ വിടവാങ്ങിയിട്ട് ഇന്ന് സെപ്റ്റംബർ 5-ന് 29 വർഷം പൂർത്തിയാകുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും ശക്തയായ വനിത. നീലക്കരയുള്ള സാരികൊണ്ടും ചുക്കിച്ചുളിഞ്ഞ മുഖകാന്തി കൊണ്ടും ലോകം കീഴടക്കിയ കാരുണ്യ തേജസ്, തെരുവിന്റെ അമ്മ മദർ തെരേസ ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നു. 1997 സെപ്റ്റംബര്‍ 5ാം തീയതി, മദറിന്റെ മരണ ദിവസം അവള്‍ ഇപ്രകാരം കുറിച്ചു, " വിശ്വസിക്കുന്ന സ്നേഹവും സമ്പൂര്‍ണ്ണ സമര്‍പ്പണവും നിമിത്തം പരിശുദ്ധ കന്യകാമറിയം ഗബ്രിയേല്‍ ദൈവദൂതനോട് , 'നിന്റെ ഹിതം പോലെ എന്നില്‍ ഭവിക്കട്ടെ' എന്ന്‍ പറഞ്ഞു. സുവിശേഷത്തിന്റെ ആനന്ദത്താല്‍ നിറഞ്ഞു എലിസബത്തിനെ ശുശ്രൂഷിക്കാന്‍ അവള്‍ തിടുക്കത്തില്‍ പുറപ്പെട്ടു. ഇതുപോലെ നമ്മുടെ ജീവിതത്തിലും ഈശോയോട് 'നിന്റെ ഹിതം എന്നില്‍ നിറവേറട്ടെ' എന്നു പറയുവാനും പാവപ്പെട്ടവരിലും നിരാലംബരിലും ഈശോയെ കണ്ടു കൊണ്ട് തികഞ്ഞ ഉത്സാഹത്തോടെ അവരെ ശുശ്രൂഷിക്കാം". ലോകം ആദരവോടെ ഉറ്റുനോക്കിയ ഒരു വ്യക്തിത്വമായിരുന്നു മദർ തെരേസയുടേത്. മായാത്ത പുഞ്ചിരിയുമായി അവർ നടന്നുകയറിയത് ലോകത്തിന്റെ മനഃസാക്ഷിക്കുള്ളിലേക്കാണ്. വേദനിക്കുന്ന ആളുകൾക്കായി അവര്‍ അതിർത്തികൾ കടന്നു. തന്റെ സാന്നിധ്യം ആവശ്യമാണെന്നു മനസിലാക്കിയ ഇടങ്ങളിലെല്ലാം അവര്‍ കയറിച്ചെന്നു. അതിർത്തിയോ ഭാഷയോ രാജ്യങ്ങളോ ഒന്നും അവര്‍ നോക്കിയില്ല. ആ മഹനീയവ്യക്തിത്വത്തിന് ഉടമയെ ലോകം എങ്ങനെ ആദരിക്കാതിരിക്കും? മദറിനെ തേടി നിരവധി പുരസ്‌കാരങ്ങളാണ് എത്തിയത്. അതിൽ പ്രധാനപ്പെട്ടതാണ് 1979-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം. സമ്മാനത്തുകയായ 1,92,000 അമേരിക്കൻ ഡോളർ, മദർ പാവങ്ങൾക്കായി സംഭാവന ചെയ്തു. 1962-ൽ ഇന്ത്യ, മദർ തെരേസയ്ക്ക് പത്മശ്രീ ബഹുമതി നൽകി ആദരിച്ചു. ഇന്ത്യയ്ക്കു പുറത്തു ജനിച്ച ഒരാൾക്ക് ഈ ബഹുമതി നൽകുന്നത് ഇതാദ്യമായിട്ടായിരുന്നു. 1997 സെപ്തംബര്‍ 5-ന് തന്റെ നിത്യസമ്മാനത്തിനായി പോയ മദറിനെ 2003 ഒക്ടോബര്‍ 19-ന് ജോണ്‍പോള്‍ രണ്ടാമന്‍ വാഴ്ത്തപ്പെട്ടവളും 2016 സെപ്റ്റംബർ 4-ന് ഫ്രാൻസിസ് മാർപാപ്പ വിശുദ്ധയായും പ്രഖ്യാപിച്ചു. മദർ തെരേസയുടെ മഹനീയ മാതൃക പിന്തുടർന്ന് നമുക്കും പാവങ്ങളോടും പരിത്യക്തരോടും ഐക്യപ്പെട്ടു അവരുടെ ഇടയിൽ യേശു സാന്നിധ്യമായി മാറാം.