*കേരളത്തിലെ സാമൂഹ്യ പ്രവർത്തക അധ്യാപകർക്ക് ആദരം — ആദരം 2026

കോട്ടയം: കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് (ക്യാപ്‌സ്) അധ്യാപക ദിനത്തോടനുബന്ധിച്ച് കേരളത്തിലെ സാമൂഹ്യ പ്രവർത്തക അധ്യാപകരെ ആദരിക്കുന്നതിനായി അധ്യാപക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ആദരം 2026’ കോട്ടയം ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടന്നു.

കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. ക്യാപ്‌സ് സംസ്ഥാന പ്രസിഡന്റ് ഡോ. എം. പി. ആന്റണി അധ്യക്ഷത വഹിച്ചു.
കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള സാമൂഹ്യ പ്രവർത്തക അധ്യാപകരെ ചടങ്ങിൽ ആദരിച്ചു.

*സോഷ്യൽ വർക്ക് വിദ്യാഭ്യാസ മേഖലയ്ക്കും സമൂഹത്തിന്റെ നീതിപൂർണവും സുസ്ഥിരവുമായ മുന്നേറ്റത്തിനും അധ്യാപകർ നൽകുന്ന നിർണായക സംഭാവനകളെ അംഗീകരിക്കുന്ന വേദിയായി ‘ആദരം 2026’ മാറി.*
സാമൂഹ്യ പ്രവർത്തകരുടെ അറിവും മൂല്യങ്ങളും പ്രൊഫഷണൽ കഴിവുകളും വളർത്തിയെടുക്കുന്ന അധ്യാപകരെ ആദരിക്കുന്നതിലൂടെ, സാമൂഹ്യ പ്രവർത്തന വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും അധ്യാപകരുടെ പങ്കും കൂടുതൽ ഉയർത്തിക്കാട്ടുകയാണ് പരിപാടി ലക്ഷ്യമിട്ടത്.

പ്രൊഫഷണൽ സോഷ്യൽ വർക്കർമാരുടെ ശാക്തീകരണം, സാമൂഹ്യ പ്രവർത്തനത്തിന്റെ പ്രൊഫഷണൽ അംഗീകാരം, സാമൂഹ്യ നീതി, ഗുണമേന്മയുള്ള സാമൂഹ്യ പ്രവർത്തന വിദ്യാഭ്യാസം എന്നിവയ്ക്കായി പ്രവർത്തിക്കുന്ന സംഘടനയാണ് ക്യാപ്‌സ്. കേരളത്തിലെ സോഷ്യൽ വർക്ക് സമൂഹത്തെ ഒരുമിപ്പിക്കുകയും, പ്രൊഫഷന്റെ ശബ്ദം നയരൂപീകരണ വേദികളിൽ ഉയർത്തിക്കാട്ടുകയും ചെയ്യുന്ന വിവിധ ഇടപെടലുകൾ ക്യാപ്‌സ് നടത്തിവരുന്നു.

ഇന്ത്യ നെറ്റ്‌വർക്ക് ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് സെക്രട്ടറി ജനറൽ ഡോ. ഐപ്പ് വർഗീസ് അധ്യാപകദിന സന്ദേശം നൽകി. ചൈതന്യ ഡയറക്ടർ ഫാ. ബിബിൻ കണ്ടോത്ത് മുഖ്യ സന്ദേശവും ക്യാപ്‌സ് സംസ്ഥാന ജനറൽ സെക്രട്ടറി,‌ ഡോ. ജോസഫ് ചാരുപ്ലാക്കൽ, വർക്കിംഗ്‌ പ്രസിഡന്റ് ഡോ. സഫീർ അത്തേക്കാടൻ, ഗവേണിംഗ് കൗൺസിൽ അംഗം ഡോ. ജെയ്‌സൺ ഫിലിപ്പ് ആലപ്പാട്ട്, കോട്ടയം ചാപ്റ്റർ പ്രസിഡന്റ്‌ അനൂപ് പി ജെ എന്നിവർ ആശംസ സന്ദേശവും നൽകി. ക്യാപ്‌സ് കോട്ടയം ചാപ്റ്റർ സെക്രട്ടറി സിജു തോമസ് ക്യാപ്‌സ് നയരേഖയും, പ്ലേ പാഷിയോ തിയേറ്റർ ഡയറക്ടർ പ്രവീൺ നാരായൺ സോഷ്യൽ വർക്ക്‌ വിദ്യാർത്ഥികൾക്കായുള്ള ദ്വിദിന ലീഡ് ലാബ് മാർഗരേഖയും അവതരിപ്പിച്ചു.

സോഷ്യൽ വർക്ക്‌ വിദ്യാഭ്യാസ മേഖലയിലെ പ്രവണതകൾ സംബന്ധിച്ച ശില്പശാല ക്യാപ്‌സ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ. ജോബി ബാബു, ഡോ. അനീഷ് കെ ആർ എന്നിവർ നയിച്ചു.