കുടുംബങ്ങൾ സ്നേഹവും ജീവനും നൽകുന്ന ‘മഹത്തായ അദ്ഭുതമാണ്’: ലെയോ പാപ്പ

കുടുംബങ്ങൾ ലോകത്തിന് സ്നേഹവും ജീവനും പകർന്നു നൽകുന്ന മഹത്തായ അദ്ഭുതമാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. വത്തിക്കാൻ ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി സംഘടിപ്പിച്ച ‘ഫാമിലി ഫെസ്റ്റിവലിന്റെ’ മൂന്നാം പതിപ്പിൽ പങ്കെടുത്തു സംസാരിക്കവെയാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.

“ദൈവം നമ്മിൽ തന്നെയും നമ്മുടെ സമൂഹത്തിലും നമ്മുടെ കുടുംബങ്ങളിലും പ്രതിഫലിച്ചു കാണാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ കുടുംബങ്ങളിൽ ദൈവത്തിന്റെ സാന്നിധ്യമുണ്ട്,” മാർപാപ്പ ഓർമ്മിപ്പിച്ചു. കുടുംബബന്ധങ്ങളിൽ പരസ്പര സ്നേഹവും കാരുണ്യവും കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പാപ്പ വിശദീകരിച്ചു.വത്തിക്കാൻ മീഡിയ നൽകുന്ന വിവരമനുസരിച്ച്, കുട്ടികളും മുതിർന്നവരും അടക്കം നിരവധിയാളുകൾ പങ്കെടുത്ത ചടങ്ങിൽ കുടുംബാംഗങ്ങളുമായി മാർപാപ്പ സംസാരിക്കുകയും ആശീർവദിക്കുകയും ചെയ്തു. ദൈനംദിന ജീവിതത്തിലെ വെല്ലുവിളികൾക്കിടയിലും കുടുംബബന്ധങ്ങൾ നൽകുന്ന സന്തോഷവും സമാധാനവും കാത്തുസൂക്ഷിക്കാൻ വത്തിക്കാൻ ജീവനക്കാരോട് പാപ്പ ആഹ്വാനം ചെയ്തു.