പാപ്പ ലൂര്‍ദിലേക്ക്; മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ ദിവ്യബലിയര്‍പ്പിക്കും

വിശുദ്ധ ബര്‍ണദീത്തക്ക് പരിശുദ്ധ മറിയം പ്രത്യക്ഷപ്പെട്ട ഫ്രാന്‍സിലെ ലൂര്‍ദിലുള്ള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ലിയോ 14-ാമന്‍ പാപ്പ സെപ്റ്റംബര്‍ 26, 27 തീയതികളില്‍ സന്ദര്‍ശനം നടത്തും. 1,50,000 പേര്‍ ഇതിനോടനുബന്ധിച്ചുള്ള ചടങ്ങുകളില്‍ പങ്കുചേരും.

സെപ്റ്റംബര്‍ 26 ശനിയാഴ്ച ലൂര്‍ദിലെത്തുന്ന പാപ്പ 27-ന് തീര്‍ത്ഥാടനകേന്ദ്രത്തിലുള്ള ലോണില്‍ ദിവ്യബലി അര്‍പ്പിക്കും. നേരിട്ട് പങ്കെടുക്കുന്ന ഒന്നരലക്ഷമാളുകള്‍ക്ക് പുറമെ ദശലക്ഷക്കണക്കിന് ആളുകള്‍ ടെലിവിഷനിലൂടെയും ഓണ്‍ലൈനായും പങ്കുചേരും. 2008-ല്‍ ബനഡിക്ട് 16-ാമന്‍ പാപ്പ ലൂര്‍ദ് സന്ദര്‍ശിച്ചതിന് ശേഷം ഒരു പാപ്പ ഈ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്. ഈ ചരിത്ര സന്ദര്‍ശനത്തിനായുള്ള വിപുലമായ തയാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്.

സെപ്റ്റംബര്‍ 25-നാണ് ലിയോ 14- പാപ്പ ഫ്രാന്‍സിലേക്ക് നടത്തുന്ന അപ്പസ്‌തോലിക സന്ദര്‍ശനം ആരംഭിക്കുന്നത്. പാരിസില്‍ വിമാനമിറങ്ങുന്ന പാപ്പ എലീസി കൊട്ടാരത്തില്‍ ഔദ്യോഗിക സ്വീകരണം ഏറ്റുവാങ്ങിയ ശേഷം യുനെസ്‌കോ ആസ്ഥാനം സന്ദര്‍ശിക്കുകയും യുവജനങ്ങളുമായി സംവദിക്കുകയും ചെയ്യും.

26-ന് കുടിയേറ്റക്കാര്‍ക്ക് സഹായം നല്‍കുന്ന മെയ്‌സണ്‍ ബക്കീറ്റ സെന്റര്‍, പാരീസിലെ കാത്തലിക് ഇന്‍സ്റ്റിറ്റിയട്ട്, തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം പ്ലാസ ഡി ലാ കോണ്‍കോര്‍ഡില്‍ ദിവ്യബലി അര്‍പ്പിക്കും. തുടര്‍ന്ന് പാപ്പ ലൂര്‍ദിലേക്ക് തിരിക്കും. 27-ന് ലൂര്‍ദില്‍ നിന്ന് മെറ്റ്‌സ് നഗരത്തിലേക്ക് പോകുന്ന പാപ്പ റോബര്‍ട്ട് ഷുമാന്‍ കോണ്‍ഗ്രസ് സെന്ററില്‍ നടക്കുന്ന സര്‍വമത സമ്മേളനത്തില്‍ പങ്കെടും. മെറ്റ്‌സ് കത്തീഡ്രലിലെ ദിവ്യബലിയോടെയാണ് പാപ്പയുടെ ഫ്രാന്‍സ് സന്ദര്‍ശനം അവസാനിക്കുന്നത്.