വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടനം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലേക്കുള്ള 23-ാമത്  മരിയന്‍ തീര്‍ത്ഥാടനം സെപ്റ്റംബര്‍ 13ന് നടക്കും. എറണാകുളം നഗരത്തില്‍നിന്നും വല്ലാര്‍പാട ത്തേക്കുള്ള തീര്‍ത്ഥാടനത്തിൻ്റെ ഉദ്ഘാടനം എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീ ഡ്രല്‍ അങ്കണത്തില്‍ 13ന് വൈകുന്നേരം 3ന്  വരാപ്പുഴ ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നിര്‍വ്വഹിക്കും. വല്ലാര്‍പാടം തിരുനാളിന്  ഉയര്‍ത്താനുള്ള പതാക അതിരൂപതയിലെ അല്മായ നേതാക്കള്‍ ആര്‍ച്ചുബിഷപ്പില്‍നിന്നും ഏറ്റുവാങ്ങും. തുടര്‍ന്ന് ജപമാല കൈകളിലേന്തി പ്രാര്‍ഥനയോടെ വിശ്വാസി സമൂഹം തീര്‍ത്ഥാടനം നടത്തും.

3.30ന് വൈപ്പിന്‍ ഗോശ്രീ ജംഗ്ഷനില്‍ വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ ദീപശിഖ യുവജന സംഘടനാ പ്രതിനിധികള്‍ക്ക് കൈമാറുന്നതോടെ പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുള്ള തീര്‍ത്ഥാടനത്തിന് തുടക്കമാകും.

ഗോശ്രീ പാലങ്ങളിലൂടെ വല്ലാര്‍പാടത്തിൻ്റെ ഇരുവശങ്ങളില്‍ നിന്നും  എത്തുന്ന നാനാജാതി മത സ്ഥരായ തീര്‍ത്ഥാടകരെ വല്ലാര്‍പാടം ബസിലിക്ക റെക്ടര്‍ ഫാ. ജെറോം ചമ്മിണിക്കോടത്തും ഇടവക ജനങ്ങളും ചേര്‍ന്ന് ബസിലിക്ക അങ്കണത്തിലെ മംഗള കവാടത്തില്‍ സ്വീകരിക്കും.

വരാപ്പുഴ അതിരൂപതയായി പ്രഖ്യാപിച്ചതിൻ്റെ ശതോത്തര റൂബി ജൂബിലി ആഘോഷങ്ങളോടനു ബന്ധിച്ച് 140 വര്‍ഷങ്ങളെ അനുസ്മരിച്ചുകൊണ്ട് 140 ബഹുവര്‍ണ ബലൂണുകള്‍ ആകാശത്തേക്ക് പറത്തും.

4.30 ന്  ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തി പ്പറമ്പിലിൻ്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ അതിരൂപതയിലെ എല്ലാ വൈദികരും സഹകാര്‍മികരാകും. വിജയപുരം സഹായ മെത്രാന്‍ ഡോ. ജസ്റ്റിന്‍ മഠത്തിപ്പറമ്പില്‍ വചന സന്ദേശം  നല്‍കും. ദിവ്യബലിയെ തുടര്‍ന്ന് തീര്‍ത്ഥാടകരായി വല്ലാര്‍പാടത്ത് എത്തിച്ചേരുന്ന എല്ലാ വിശ്വാസികളെയും വല്ലാര്‍പാടത്തമ്മയ്ക്ക് അടിമ സമര്‍പ്പിക്കും.

തീര്‍ത്ഥാടനത്തിൻ്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജനറല്‍ കണ്‍വീനര്‍ ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍, റെക്ടര്‍ ഫാ. ജെറോം ചമ്മണിക്കോടത്ത് എന്നിവര്‍ അറിയിച്ചു. തീര്‍ത്ഥാടകര്‍ക്കായി നഗരത്തിൻ്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ട്.