സുൽത്താൻബത്തേരി: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, റോബോട്ടിക്സ്, ഡാറ്റാ സയൻസ് തുടങ്ങിയ സാങ്കേതികവിദ്യകൾ അതിവേഗം വളരുന്ന കാലത്ത് പുതിയ വിജ്ഞാന മേഖലകൾ മനസ്സിലാക്കി വിദ്യാർഥികൾക്ക് പകർന്നുനൽകാൻ അധ്യാപകർ സ്വയം സജ്ജരാകണമെന്ന് കൃഷിമന്ത്രി അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു. കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിൻ്റെ സംസ്ഥാന ക്യാമ്പും സഹയാത്രയും ബത്തേരി ശ്രേയസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കാർഷിക മേഖലയിലേക്ക് പുതുതലമുറയെ ആകർഷിക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്തെ 500 സ്‌കൂളുകളിൽ ഈ വർഷം കതിർ കാർഷിക ക്ലബ്ബുകൾ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. പദ്ധതിക്കായി തിരഞ്ഞെടുക്കുന്ന ഓരോ സ്‌കൂളിനും കൃഷിവകുപ്പ് 10,000 രൂപ വീതം നൽകും. ക്ലബ്ബുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് പരിശീലകർക്കായി ഈ മാസം 30, 31 തീയതികളിൽ തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് സംഘടിപ്പിക്കും.
കാർഷിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകാനും തീരുമാനിച്ചിട്ടുണ്ട്. സ്‌കൂളിലെ കൃഷിക്കു പുറമെ വിദ്യാർഥികൾ വീട്ടിൽ നടത്തുന്ന കൃഷിയും ഗ്രേസ് മാർക്കിനുള്ള മാനദണ്ഡമായി പരിഗണിക്കും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നതെന്നും മന്ത്രി പറഞ്ഞു.
വിദ്യാർഥികളെ മികച്ച പൗരന്മാരായി വളർത്തുന്നതിൽ അധ്യാപകരുടെ പങ്ക് നിർണായകമാണ്. സാങ്കേതികവിദ്യയുടെ വളർച്ച അധ്യാപകരുടെ പ്രസക്തി കുറയ്ക്കുന്നതല്ല, മറിച്ച് കൂടുതൽ സർഗാത്മകവും ഉത്തരവാദിത്വമുള്ളതുമായ അധ്യാപനത്തിന് അവസരമൊരുക്കുന്നതാണ്.
മുണ്ടക്കൈചൂരൽമല ദുരന്തബാധിത കുടുംബത്തിന് വീട് നിർമിച്ചുനൽകിയ കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിൻ്റെയും യും കെ.സി.ബി.സിയുടെയും പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഗിൽഡ് സംസ്ഥാന സമിതിയും ബത്തേരി രൂപതയും ചേർർന്ന് മുണ്ടേരിയിൽ നിർമിച്ചവീടിൻ്റെ താക്കോൽദാനവും മന്ത്രി നിർവഹിച്ചു. വീടിനായി അഞ്ച് സെന്റ് സ്ഥലം സൗജന്യമായി വിട്ടുനൽകിയ ബത്തേരി രൂപതാദ്ധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്തയെയും ഭവനനിർമാണത്തിന് നേതൃത്വം നൽകിയ ഫാ. റോയി വലിയപറമ്പിലിനെയും നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളികളായ വൈദികരെയും മറ്റുള്ളവരെയും ചടങ്ങിൽ ആദരിച്ചു.
ബത്തേരി രൂപതാധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത, സംസ്ഥാന പ്രസിഡൻ്റ് ടോം മാത്യു സംസ്ഥാന സെക്രട്ടറി ഷൈനി കുര്യാക്കോസ്, വടക്കൻ മേഖല പ്രസിഡൻ്റ് പി.ഡി.ആൻ്റോ., ബത്തേരി രൂപത പ്രസിഡൻ്റ് ബിജു പോൾ , രൂപത ഡയറക്ടർ ഫാ. ജയിംസ് മലേപ്പറമ്പിൽഎന്നിവർ സംസാരിച്ചു. ഫാ.ആൻ്റണി അറയ്ക്കൽ സ്വാഗതവും സംസ്ഥാന ട്രഷറർ റോബിൻ മാത്യു നന്ദിയും പറഞ്ഞു.