കർദിനാൾമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും കോവിഡ് കാല ശമ്പള വെട്ടിക്കുറയ്ക്കൽ അവസാനിപ്പിച്ച് ലെയോ പാപ്പ

കോവിഡ്-19 അടിയന്തിരാവസ്ഥ അവസാനിച്ച സാഹചര്യത്തിൽ, ആ കാലഘട്ടവുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ സാമ്പത്തിക നിയന്ത്രണങ്ങളും അവസാനിപ്പിക്കുന്നു. ലെയോ പാപ്പ പുറപ്പെടുവിച്ച ‘മോട്ടു പ്രോപ്രിയോ’ (Motu Proprio) വഴി, ഫ്രാൻസിസ് മാർപാപ്പ 2021 മാർച്ചിൽ നടപ്പിലാക്കിയ വ്യവസ്ഥകൾ ലെയോ പതിനാലാമൻ മാർപാപ്പ റദ്ദാക്കി. കർദിനാൾമാർ, റോമൻ കൂരിയയിലെ വിവിധ വകുപ്പ് തലവന്മാർ എന്നിവരടക്കമുള്ള പരിശുദ്ധ സിംഹാസനത്തിലെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചതും രണ്ടു വർഷത്തിൽ ഒരിക്കലുള്ള സീനിയോറിറ്റി അടിസ്ഥാനമാക്കിയുള്ള ശമ്പളവർധനവ് നിർത്തിവച്ചതുമാണ് റദ്ദാക്കിയത്.

പരിശുദ്ധ സിംഹാസനത്തിന്റെ സാമ്പത്തിക മേഖലയെ ദോഷകരമായി ബാധിച്ച കോവിഡ് മഹാമാരിയുടെ ആഘാതത്തെ തുടർന്നാണ് ‘എ സസ്റ്റെയിനബിൾ ഫ്യൂച്ചർ’ എന്ന ഉത്തരവിലൂടെ മുൻപ് ഈ നടപടികൾ സ്വീകരിച്ചിരുന്നത്. ജീവനക്കാരെ, പ്രത്യേകിച്ച് അൽമായ ജീവനക്കാരെയും കുടുംബമുള്ളവരെയും ജോലിയിൽ നിന്ന് പിരിച്ചുവിടുന്നത് ഒഴിവാക്കാൻ ഫ്രാൻസിസ് മാർപാപ്പ കൊണ്ടുവന്ന ചെലവ് ചുരുക്കൽ നടപടിയായിരുന്നു ഇത്. 

കൂരിയയിൽ സേവനമനുഷ്ഠിക്കുന്ന കർദിനാൾമാരുടെ ശമ്പളത്തിൽ 10 ശതമാനവും, വിവിധ വകുപ്പുകളുടെ തലവന്മാരും സെക്രട്ടറിമാരുമടങ്ങുന്ന ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ എട്ട് ശതമാനവും ഫ്രാൻസിസ് മാർപാപ്പ വെട്ടിക്കുറച്ചിരുന്നു. കൂടാതെ, വൈദികരും സന്ന്യാസ സമൂഹങ്ങളിലെ അംഗങ്ങളുമായ ജീവനക്കാരുടെ ശമ്പളത്തിൽ മൂന്ന് ശതമാനത്തിന്റെ പൊതുവായ കുറവും വരുത്തി.

രണ്ടു വർഷത്തിലൊരിക്കൽ നൽകുന്ന സ്വാഭാവിക ശമ്പളവർധനവ് നിർത്തിവച്ച നടപടി എല്ലാ ജീവനക്കാരെയും ബാധിച്ചിരുന്നു. എന്നാൽ, അൽമായ ജീവനക്കാരുടെ കാര്യത്തിൽ, കുറഞ്ഞ ശമ്പളമുള്ളവരെ ഒഴിവാക്കി നാലാം ലെവലിലും അതിനു മുകളിലുമുള്ളവരെ മാത്രമാണ് ഇത് ബാധിച്ചിരുന്നത്. മഹാമാരി ഉയർത്തിയ അസാധാരണ വെല്ലുവിളിയെ നേരിടാൻ തന്റെ മുൻഗാമി നടപ്പിലാക്കിയ ‘ശമ്പള നിയന്ത്രണ നടപടികൾ’ അത്യാവശ്യമായിരുന്നുവെന്ന് ലെയോ പതിനാലാമൻ മാർപാപ്പ വ്യക്തമാക്കി. 2025 ജൂൺ 16 ലെ ഉത്തരവ് വഴി ഈ നിയമങ്ങളിൽ ചില ഭാഗികമാറ്റങ്ങൾ വരുത്തിയിരുന്നു.

സാമ്പത്തിക കാര്യങ്ങൾക്കായുള്ള സെക്രട്ടറിയേറ്റിന്റെ അഭിപ്രായം തേടിയ ശേഷമാണ്, ‘എ സസ്റ്റെയിനബിൾ ഫ്യൂച്ചർ’ എന്ന ഉത്തരവ് 2026 സെപ്റ്റംബർ ഒന്ന് മുതൽ പൂർണ്ണമായി റദ്ദാക്കാൻ മാർപാപ്പ തീരുമാനിച്ചത്. എന്നിരുന്നാലും, ഈ നിയമം നിലവിലിരുന്നപ്പോൾ ഉണ്ടായ മാറ്റങ്ങളോ, നിർത്തിവച്ച ശമ്പളവർധനവുകളോ തിരികെ നൽകില്ലെന്നും, ആ കാലയളവിലെ തീരുമാനങ്ങൾ മാറ്റമില്ലാതെ തുടരുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.