ബിഷപ്പ് റോബർട്ട് ബാരണിനെ യുഎസ് മതസ്വാതന്ത്ര്യ കമ്മീഷൻ അംഗമായി നിയമിച്ച് ട്രംപ്

വാഷിംഗ്ടൺ ഡി‌സി: പ്രമുഖ കത്തോലിക്ക പ്രഭാഷകനും 'വേഡ് ഓൺ ഫയർ' കത്തോലിക്ക മിനിസ്ട്രിയുടെ സ്ഥാപകനുമായ ബിഷപ്പ് റോബർട്ട് ബാരണിനെ യു.എസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷൻ അംഗമായി നിയമിതനായി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ഇത് സംബന്ധിച്ച നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. കമ്മീഷനിൽ സേവനമനുഷ്ഠിക്കാനുള്ള ക്ഷണത്തില്‍ ഏറെ സന്തോഷമുണ്ടെന്നും ആദരവായി കരുതുന്നുവെന്നും ബിഷപ്പ് റോബർട്ട് ബാരൺ പ്രതികരിച്ചു. മുൻപ് ഈ പദവികൾ അലങ്കരിച്ച പ്രമുഖ കത്തോലിക്ക പ്രതിഭകളുടെ നിരയിലേക്ക് എത്താൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകമെമ്പാടുമുള്ള മതസ്വാതന്ത്ര്യ ലംഘനങ്ങൾ നിരീക്ഷിക്കുകയും, മതപീഡനം അനുഭവിക്കുന്നവർക്കായി വാദിക്കുകയും, യു.എസ് സർക്കാരിന് നയപരമായ നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്യുന്ന സ്വതന്ത്ര ഫെഡറൽ ഏജൻസിയാണ് യു.എസ്.സി.ഐ.ആർ.എഫ് (USCIRF). വിദേശ രാജ്യങ്ങളിലെ മതസ്വാതന്ത്ര്യ ലംഘനങ്ങൾ നിരീക്ഷിക്കുക, അമേരിക്കൻ പ്രസിഡന്റിനും സ്റ്റേറ്റ് സെക്രട്ടറിക്കും കോൺഗ്രസിനും നയപരമായ നിർദ്ദേശങ്ങൾ നൽകുക, കടുത്ത മതസ്വാതന്ത്ര്യ ലംഘനങ്ങൾ നടക്കുന്ന രാജ്യങ്ങളെ "പ്രത്യേക ശ്രദ്ധയർഹിക്കുന്ന രാജ്യങ്ങളായി" (CPC) വിലയിരുത്തുക തുടങ്ങീ ഉത്തരവാദിത്വങ്ങളാണ് സംഘടനയ്ക്കുള്ളത്.

മിനസോട്ടയിലെ വിനോണ-റോച്ചെസ്റ്റർ രൂപതയുടെ അധ്യക്ഷനായ ബിഷപ്പ് ബാരണിനൊപ്പം മുൻ വൈറ്റ് ഹൗസ് ഡൊമസ്റ്റിക് പോളിസി കൗൺസിൽ ഡയറക്ടർ ജോ ഗ്രോഗൻ, തുർക്കിയിൽ മതപീഡനം അനുഭവിച്ച മുൻ മിഷ്ണറി പാസ്റ്റർ ആൻഡ്രൂ ബ്രൺസൺ എന്നിവരെയും കമ്മീഷൻ അംഗങ്ങളായി നിയമിച്ചിട്ടുണ്ട്.