സെപ്റ്റംബർ മാസം പതിനാറാം തീയതി, ബുധനാഴ്ച ലിയോ പതിനാലാമൻ പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ നടത്തിയ പ്രഭാഷണത്തിന്റെ മലയാളത്തിലുള്ള പരിഭാഷ. രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖയായ 'ഗൗദിയും എത്ത് സ്പെസ്' ആസ്പദമാക്കിയാണ് പാപ്പാ സംസാരിച്ചത്.
"ഗൗദിയും എത് സ്പെസ്" എന്ന പ്രമാണരേഖയുടെ രണ്ടാം അധ്യായം "മാനവ സമൂഹത്തിന്" സമർപ്പിച്ചുകൊണ്ട്, "മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളെ ത്വരിതപ്പെടുത്തുന്നത് " "ഇന്നത്തെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വശങ്ങളിലൊന്നായി" (23) പരിഗണിക്കാൻ നമ്മെ ക്ഷണിക്കുന്നു. എന്നിരുന്നാലും, ഈ യാഥാർത്ഥ്യം "മാനവസമൂഹത്തിൽ കൂടുതൽ ആഴത്തിൽ" അതിന്റെ പൂർത്തീകരണം കണ്ടെത്തേണ്ടതുണ്ട്, അതിന് "അവരുടെ പൂർണ്ണമായ ആത്മീയ അന്തസ്സിനോടുള്ള പരസ്പര ബഹുമാനം" അനിവാര്യമാണ്.
നമ്മുടെ കാലത്ത്, കൂടുതൽ അടിയന്തിരമായി ആവശ്യമുള്ള സ്ഥിരീകരണങ്ങളാണിവ. ഒരു വശത്ത്, തടസ്സങ്ങളും, ദൂരങ്ങളും മാറ്റിക്കൊണ്ട്, സാങ്കേതിക വികസനം, മാധ്യമങ്ങളുടെയും സോഷ്യൽ മീഡിയയുടെയും വ്യാപനം, നിർമ്മിതബുദ്ധിയുടെ വർദ്ധിച്ചുവരുന്ന ഉപയോഗം എന്നിവ പുതിയ സാധ്യതകൾ തുറക്കുന്നു; മറുവശത്ത്, വ്യക്തിപരമായ ബന്ധങ്ങൾ ശിഥിലമാകുകയും, മനുഷ്യ മനസ്സാക്ഷിക്ക് മാത്രം അവകാശപ്പെട്ട തീരുമാനങ്ങൾ അൽഗോരിതങ്ങൾക്ക് കൈമാറാനുള്ള സാധ്യതകൾ നിലനിർത്തി സാങ്കൽപ്പിക ലോകത്തിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. സാമൂഹിക ബന്ധങ്ങൾക്ക് യഥാർത്ഥ സത്തയും, വ്യക്തിപരമായ ആഴവും ഉണ്ടെന്ന് ഉറപ്പാക്കുക എന്നതാണ്, ഇക്കാര്യത്തിൽ, ക്രൈസ്തവ സമൂഹം നൽകുന്ന സംഭാവന.
"എല്ലാ മനുഷ്യരും ഒരേ ഒരു കുടുംബം രൂപപ്പെടുത്തുകയും പരസ്പരം സഹോദരന്മാരായി പെരുമാറുകയും വേണം" എന്ന് ആഗ്രഹിച്ച ദൈവത്തിന്റെ സൃഷ്ടിപരമായ പദ്ധതിയിൽ നിന്ന് മാനദണ്ഡങ്ങളും ശക്തിയും ഉൾക്കൊള്ളാൻ കൗൺസിൽ നമ്മെ ക്ഷണിക്കുന്നു; ഇക്കാരണത്താൽ, "ദൈവത്തോടും അയൽക്കാരനോടുമുള്ള സ്നേഹമാണ് ഒന്നാമത്തേതും ഏറ്റവും വലിയതുമായ കൽപ്പന", അത് ക്രിസ്തുവിൽ അതിന്റെ പൂർണ്ണമായ വെളിപ്പെടുത്തലും, നിർവ്വഹണവും നടത്തി. (24).
മനുഷ്യ വ്യക്തിയുടെ പൂർണതയും, സമൂഹത്തിന്റെ വികസനവും പരസ്പരാശ്രിതമാണെന്ന് മനസിലാക്കണം: അവയെ എതിർക്കുകയോ, വേർതിരിക്കുകയോ ചെയ്യുവാൻ പരിശ്രമിക്കുന്നത് അവയെ അസാധുവാക്കുക എന്നതാണ് അർത്ഥമാക്കുന്നത്. ചരിത്രം, അതിന്റെ നവീനതയിൽ പോലും, ഈ സത്യം വ്യക്തമായി സ്ഥിരീകരിക്കുന്നു,അതിനാൽ, രണ്ടാം വത്തിക്കാൻ കൗൺസിൽ പിതാക്കന്മാരോടൊപ്പം, "എല്ലാ സാമൂഹ്യ സ്ഥാപനങ്ങളുടെയും ആരംഭവും, വിഷയവും, ലക്ഷ്യവുമെല്ലാം മനുഷ്യവ്യക്തി തന്നെയാണെന്ന്", ആവർത്തിക്കുന്നതിൽ നമുക്ക് മടുപ്പ് തോന്നരുത്.
ഈ വീക്ഷണകോണിൽ നിന്ന്, ലോകത്തിലെ വ്യക്തികളുടെയും, ജനവിഭാഗങ്ങളുടെയും വൈവിധ്യത്തെ ഒരു അപകടമോ, ഭീഷണിയോ ആയി കണക്കാക്കരുത്, മറിച്ച് സമ്പുഷ്ടീകരണത്തിനും, വളർച്ചയ്ക്കുമുള്ള ഒരു സാധ്യതയായി കണക്കാക്കണമെന്ന് "ഗൗദിയും എത് സ്പെസ്" പ്രസ്താവിക്കുന്നു.