വത്തിക്കാന്‍ സിറ്റി: സൊമാലിയയിലെ പ്രദേശങ്ങളിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗുരുതരമായ മാനുഷിക പ്രതിസന്ധിയിൽ ആശങ്ക പ്രകടിപ്പിച്ച് ലെയോ പതിനാലാമൻ പാപ്പ. ഇന്നലെ സെപ്റ്റംബർ ഇരുപതാം തീയതി ഞായറാഴ്ച, വത്തിക്കാൻ ചത്വരത്തിൽ നയിച്ച ത്രികാല ജപ പ്രാർത്ഥനയ്ക്ക് ശേഷം സന്ദേശം നല്‍കുകയായിരിന്നു പാപ്പ. ആഫ്രിക്കൻ രാജ്യമായ സൊമാലിയയിൽ പ്രകൃതിദുരന്തങ്ങളും അക്രമ സംഭവങ്ങളും ജനങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം കൂടുതൽ ദുരിതപൂർണ്ണമാക്കുകയാണെന്നു പാപ്പ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ വരൾച്ചകളിലൊന്നാണ് സൊമാലിയ ഇപ്പോൾ നേരിടുന്നത്.
ഏകദേശം 20 ലക്ഷത്തോളം കുട്ടികൾ ഉൾപ്പെടെ ദശലക്ഷക്കണക്കിന് ആളുകളാണ് ഭക്ഷണവും കുടിവെള്ളവുമില്ലാതെ ഞെരുങ്ങുന്നത്. നിലവിൽ 60 ലക്ഷത്തോളം സൊമാലിയക്കാർ കടുത്ത പട്ടിണിയിലാണ്. സൊമാലിയയുടെ വടക്കൻ മേഖലകളിലെ വരൾച്ചയ്ക്ക് പുറമെ, ആഭ്യന്തര സംഘർഷങ്ങളും ഇന്ധന വിലവർദ്ധനവും പ്രതിസന്ധിയുടെ വ്യാപ്തി കൂട്ടുന്നു. ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുന്ന സൊമാലിയൻ സഹോദരീസഹോദരന്മാർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹം ഉദാരമായി മുന്നോട്ടുവരണമെന്ന് പാപ്പ ആഹ്വാനം ചെയ്തു.