*
#KCBC #kcbcnews #iconmediaonline
കോട്ടയം അതിരൂപതയിലെ ക്നാനായ മലങ്കര സമൂഹത്തിന്റെ വികാരിജനറലായി 2019 മുതൽശുശ്രുഷ ചെയ്തുകൊണ്ടിരിക്കുന്ന കുരിശുംമൂട്ടിൽ ബ. ജോർജച്ചനെ കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപ്പാപ്പ നിയമിച്ചു. നിയുക്ത മെത്രാൻ കറ്റോട് സെന്റ് മേരിസ് മലങ്കര ക്നാനായ കത്തോലിക്കാ ഇടവക കുരിശുംമൂട്ടിൽ പരേതരായ അലക്‌സാണ്ടർ, അച്ചാമ്മ ദമ്പതികളുടെ മൂന്നാമത്തെ പുത്രനാണ്. റോയി (യു.കെ) റെജിജോസ് തേക്കുംകാട്ടിൽ, ബ്ലെസി ജോണി എലക്കാട്ടു, ടോമി (ദോഹ) ഡോ. എബി, റെനി അനി മാളിയേക്കൽ എന്നിവർ സഹോദരങ്ങളാണ്. കോട്ടയം അതിരൂപതയിലെ മലങ്കര സമൂഹത്തിന്റെ മുൻ വികാരി ജനറൽ പരേതനായ തോമസ് കുരിശുംമൂട്ടിൽ അച്ചൻ അദ്ദേഹത്തിന്റെ പിതൃ സഹോദരനാണ്.
1961 ആഗസ്റ്റ് 9നു ജനിച്ച അദ്ദേഹം സ്‌കൂൾ വിദ്യാഭ്യാസം തിരുവല്ല എസ്. സി. എസ്. ഹൈസ്‌കൂളിലും മൈനർ സെമിനാരി പരിശീലനം എസ്. എച്ചു. മൗണ്ട് സെന്റ് സ്റ്റനിസ്ലാവൂസ് മൈനർ സെമിനാരിയിലും, തത്വശാസ്ത്രവും ദൈവശാസ്ത്രവും മംഗലാപുരം സെന്റ് ജോസഫ്സ് സെമിനാരിയിലും പൂർത്തിയാക്കി 1987 ഡിസംബർ 28ന് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ വച്ച് അഭി. കുന്നശ്ശേരിൽ പിതാവിന്റെ കൈ വയ്പ് വഴി പുരോഹിതനായി അഭിഷിക്തനായി. തുടർന്ന് അതിരൂപതാ മൈനർ സെമിനാരി വൈസ് റെക്ടർ, ബാംഗ്ളൂർ ഗുരുകുലം വൈസ് റെക്ടർ എന്നീ ചുമതലകളിലും തുരുത്തിക്കാട്, ഇരവിപേരൂർ, ചിങ്ങവനം, കുറ്റൂർ, ഓതറ, തെങ്ങേലി, റാന്നി എന്നീ പള്ളികളിൽ വികാരിയായും അതിരൂപതയിലെ ഹാദൂസ ക്രൈസ്തവ കലാകേന്ദ്രത്തിന്റെ ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ലെബനോനിലെ (കാസ്ലിക്) മാറോണൈറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഐക്കണോഗ്രാഫിയിൽ മാസ്റ്റർ ബിരുദം നേടിയിട്ടുള്ള ജോർജച്ചൻ കാക്കനാട് മൗണ്ട് സെന്റ്‌തോമസ്, വടവാതൂർ സെമിനാരി, തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രൽ ഉൾപ്പെടെയുള്ള വിവിധ ദേവാലയങ്ങൾ തുടങ്ങിയവയിൽ വരച്ചിട്ടുള്ള ഐക്കണുകൾ പ്രശസ്തമാണ്.