കായികമത്സരങ്ങൾ ജീവിതത്തിന്റെ സൗന്ദര്യം വെളിപ്പെടുത്തുന്നു: പാപ്പാ

കായിക രംഗത്തോടുള്ള തന്റെ താത്പര്യത്തെയും, ഇഷ്ടത്തെയും എടുത്തു പറഞ്ഞുകൊണ്ടാണ്, ലിയോ പതിനാലാമൻ പാപ്പാ, ബുദ്ധിപരമായ വൈകല്യമുള്ളവർക്കുള്ള കായിക മത്സരമായ സ്പെഷ്യൽ ഒളിമ്പിക്സിൽ പങ്കെടുത്ത ഇറ്റാലിയൻ മത്സരാർത്ഥികളുമായി, സെപ്റ്റംബർ മാസം പത്തൊൻപതാം തീയതി, വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ചാവേളയിൽ സന്ദേശം നൽകിയത്. കായികതാരങ്ങളെ കണ്ടുമുട്ടുന്നതിലും, അവരുമായി സന്തോഷം പങ്കുവയ്ക്കുന്നതിനുമായി ലഭിച്ച അവസരം ഏറെ പ്രധാനപ്പെട്ടതാണെന്ന് പാപ്പാ പറഞ്ഞു. കായികരംഗത്തിന്റെ മഹത്തായ വിദ്യാഭ്യാസ മൂല്യത്തെക്കുറിച്ച് തനിക്ക് ഏറെ ബോധ്യമുണ്ടെനും, അത് വ്യക്തിയെ ശ്രേഷ്ഠവും ആധികാരികവുമായ മൂല്യങ്ങൾ പഠിപ്പിക്കുന്നുണ്ടെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.  ഈ മൂല്യങ്ങൾക്ക് സാക്ഷ്യം വഹിക്കുവാൻ കായികതാരങ്ങൾക്ക് സാധിക്കുമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

കായിക മത്സരങ്ങൾ  കൊണ്ട് അർത്ഥമാക്കുന്നത്,  ഗൗരവത്തോടെയും പരിശ്രമത്തോടെയും സ്വയം സമർപ്പിക്കുക എന്നാണെന്നും, ഒരാളുടെ സ്ഥിരോത്സാഹത്തിന്റെ ഫലങ്ങളായ, വിശ്വസ്തത, വിശ്വാസം, തുറന്ന മനസ്സ്, കൂട്ടായ്മ, ധൈര്യം എന്നിവയുടെ പങ്കുവയ്ക്കലാണെന്നും പാപ്പാ പറഞ്ഞു. ഈ ഒരു സൗന്ദര്യം, എല്ലാവരുമായും സവിശേഷമായ രീതിയിൽ പങ്കുവയ്ക്കുവാൻ  കായികതാരങ്ങൾക്ക് സാധിക്കുമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

"സാംസ്കാരികവും സാമൂഹികവും മതപരവും ശാരീരികവുമായ വ്യത്യാസങ്ങൾക്കപ്പുറം  ആളുകളെ ഒന്നിപ്പിക്കുകയും, ഒരേ മത്സരത്തിൽ പങ്കെടുപ്പിച്ചുകൊണ്ട്   വിജയങ്ങളുടെയും തോൽവികളുടെയും നായകന്മാരാക്കുകയും ചെയ്യുന്ന സാർവത്രിക ഭാഷകളിൽ ഒന്നാണ് കായികം"  എന്ന ഫ്രാൻസിസ് പാപ്പായുടെ വാക്കുകളും പാപ്പാ ഉദ്ധരിച്ചു. ജീവിതത്തിന്റെ യഥാർത്ഥ മൂല്യങ്ങളെക്കുറിച്ച് എല്ലാവരെയും ഓർമ്മിപ്പിക്കുന്ന ആളുകളെ നമ്മുടെ ലോകത്തിന് വളരെയധികം ആവശ്യമുണ്ടെന്നും, അവരിൽ കായിക താരങ്ങൾ ഉൾപ്പെടുന്നുവെന്നും പാപ്പാ പറഞ്ഞു. പങ്കുവയ്ക്കലിന്റെയും, സ്നേഹത്തിന്റെയും മാർഗം മാത്രമാണ് യഥാർത്ഥത്തിൽ സന്തോഷത്തിലേക്കും സമാധാനത്തിലേക്കും നയിക്കുന്നതെന്നതിനു ഉദാഹരണമാണ്, കായിക താരങ്ങളുടെ ജീവിതമെന്നതും പാപ്പാ അടിവരയിട്ടു.