എയിഡ് ടു ദി ചർച്ച് ഇൻ നീഡ് (ACN) സംഘടിപ്പിക്കുന്ന ‘ദശലക്ഷം കുട്ടികളുടെ ജപമാല പ്രാർഥന’ (One Million Children Praying the Rosary) എന്ന ആഗോള പ്രാർഥനാ സംരംഭത്തിന് തുടക്കം കുറിച്ചുകൊണ്ട്, ഒക്ടോബർ ഒന്നിന് റോമിലെ വിവിധ ഇടവകകളിൽ നിന്നും സ്കൂളുകളിൽ നിന്നുമുള്ള 700 മുതൽ 1,000 വരെയുള്ള കുട്ടികൾ വത്തിക്കാൻ ഗാർഡനിൽ ലെയോ പതിനാലാമൻ മാർപാപ്പയ്‌ക്കൊപ്പം ജപമാല പ്രാർഥനയ്‌ക്കായി ഒന്നിച്ചുചേരും. അന്നേദിനം വൈകുന്നേരം അഞ്ചുമണിക്ക് വത്തിക്കാനിലെ ലൂർദ് മാതാവിന്റെ ഗ്രോട്ടോയിൽ വച്ച് നടക്കുന്ന പ്രാർഥനയിൽ, കുട്ടികളും മാർപാപ്പയും ലോകമെമ്പാടുമുള്ള കുട്ടികൾ, കുടുംബങ്ങൾ, സ്കൂളുകൾ, ക്രിസ്ത്യൻ സമൂഹങ്ങൾ എന്നിവരോടൊപ്പം ആത്മീയമായി പങ്കുചേരും.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി എസിഎൻ (ACN) ഈ സംരംഭം സംഘടിപ്പിക്കുന്നുണ്ടെങ്കിലും, ചരിത്രത്തിലാദ്യമായി ഇത്തവണ ഈ പ്രാർഥനായജ്ഞം ഒക്ടോബർ ഒന്ന് മുതൽ ഏഴ് വരെ ഒരാഴ്ച മുഴുവൻ നീണ്ടുനിൽക്കും. കുടുംബങ്ങൾക്കും സ്കൂളുകൾക്കും തങ്ങൾക്ക് അനുയോജ്യമായ ദിവസം തിരഞ്ഞെടുക്കാൻ ഇത് അവസരമൊരുക്കുന്നു. ഒക്ടോബർ ഏഴിന് ജപമാല രാജ്ഞിയുടെ തിരുനാൾ ദിനത്തിലാണ് ഈ പ്രാർഥനാവാരം സമാപിക്കുന്നത്.
വത്തിക്കാനിൽ മാത്രമല്ല ഈ പ്രാർഥന നടക്കുന്നത്. ബൊളീവിയൻ ആമസോണിലെ ഗോത്രവർഗ മേഖലകൾ മുതൽ യുദ്ധവും ദാരിദ്ര്യവും അസ്ഥിരതയും നേരിടുന്ന സുഡാൻ, സിംബാബ്‌വെ, മൊസാംബിക്, സിയറ ലിയോൺ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദൈവാലയങ്ങളും ഇതിൽ പങ്കുചേരും.
സുഡാനിലെ നിരവധി ഇടവകകളും സ്കൂളുകളും ഇതിന്റെ ഭാഗമാകും. ബൊളീവിയൻ ആമസോണിലെ സിമാനെ (Tsimané) സമൂഹത്തിലെ കുട്ടികൾ ഇതിനോടകം തന്നെ തങ്ങളുടെ പ്രാദേശികഭാഷയിലും സ്പാനിഷിലും ജപമാല ചൊല്ലാൻ ആരംഭിച്ചിട്ടുണ്ട്. സിംബാബ്‌വെയിലെ ബുലവായോ അതിരൂപതയിലുള്ള സെന്റ് ക്രിസ്റ്റഫർ ഇടവക ഒക്ടോബർ നാലിന് കുട്ടികളെ ഒന്നിപ്പിച്ചു പ്രാർഥിക്കും. പരാഗ്വേയിലെ റേഡിയോ പായ് പുക്കു (Radio Pa’i Puku) ഇതിന്റെ തത്സമയ സംപ്രേക്ഷണം നടത്തുമ്പോൾ, പാരീസിലും വിവിധ കൂട്ടായ്മകൾ ഇതിൽ പങ്കുചേരും.
പോർച്ചുഗലിലെ ഫാത്തിമയിൽ പരിശുദ്ധ അമ്മ ദർശനത്തിൽ നൽകിയ, ‘അവസാനം എന്റെ അമലോദ്ഭവ ഹൃദയം വിജയം വരിക്കും’ എന്ന സന്ദേശത്തിൽ നിന്നാണ് ഇത്തവണത്തെ പ്രാർഥന പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്. ഇന്നത്തെ അക്രമവും പീഡനങ്ങളും ദാരിദ്ര്യവും നിറഞ്ഞ ലോകത്ത്, വിവിധ രാജ്യങ്ങളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നുമുള്ള കുട്ടികൾ ഒന്നിച്ചുപ്രാർഥിക്കുന്നത് പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും വലിയൊരു പ്രതീകമാണെന്ന് സംഘാടകർ ഓർമ്മിപ്പിക്കുന്നു.
2005 ൽ വെനസ്വേലയിലാണ് ഈ പ്രാർഥനാസംരംഭത്തിന് തുടക്കമായത്. “ഒരു ദശലക്ഷം കുട്ടികൾ ജപമാല ചൊല്ലി പ്രാർഥിക്കുമ്പോൾ ലോകം മാറും” എന്ന വി. പാദ്രെ പിയോയുടെ വാക്കുകളാണ് ഇതിന് പ്രചോദനമായത്. കുട്ടികൾക്കു പുറമെ മാതാപിതാക്കളും അധ്യാപകരും വൈദികരും കുടുംബങ്ങളും ഈ പ്രാർഥനാശൃംഖലയിൽ പങ്കുചേരണമെന്ന് എസിഎൻ അഭ്യർഥിക്കുന്നു. മുഴുവൻ ജപമാല ചൊല്ലാൻ സാധിച്ചില്ലെങ്കിലും ഒരു രഹസ്യമെങ്കിലും ചൊല്ലി ഇതിൽ പങ്കാളികളാകാവുന്നതാണ്.