ദൈവവിളി സ്വീകരിക്കുന്നവരുടെ എണ്ണമല്ല, വിശ്വസ്തതയോടെയുള്ള ഗുണനിലവാരമാണ് പ്രധാനം: പാപ്പാ

സുവിശേഷകനും, അപ്പസ്തോലനുമായ വിശുദ്ധ മത്തായിയുടെ തിരുനാൾ ദിവസമായ, സെപ്റ്റംബർ മാസം ഇരുപത്തിയൊന്നാം തീയതി, ലിയോ പതിനാലാമൻ പാപ്പാ, വത്തിക്കാനിൽ വച്ച്,  ഇറ്റലിയിലെ കപ്പൂച്ചിൻ ക്ലാരിസ്റ്റ് സന്യാസിനി ഫെഡറേഷൻ അംഗങ്ങൾക്ക് കൂടിക്കാഴ്ച്ച അനുവദിച്ചു. തദവസരത്തിൽ നൽകിയ സന്ദേശം, വിശുദ്ധ പൗലോസ് ശ്ലീഹ എഫേസൂസിലെ സഭയ്ക്ക് എഴുതിയ ലേഖനത്തിലെ, "നിങ്ങള്‍ക്കു ലഭിച്ചവിളിക്കു യോഗ്യമായ ജീവിതം നയിക്കുവിന്‍. പൂര്‍ണമായ വിനയത്തോടും ശാന്തതയോടും ദീര്‍ഘക്ഷമയോടും കൂടെ നിങ്ങള്‍ സ്‌നേഹപൂര്‍വം അന്യോന്യം സഹിഷ്ണുതയോടെ വര്‍ത്തിക്കുവിന്‍.  ഒരേ പ്രത്യാശയില്‍ നിങ്ങള്‍ വിളിക്കപ്പെട്ടതുപോലെ ഒരു ശരീരവും ഒരു ആത്മാവുമാണുള്ളത്" എന്ന വചനം  ഉദ്ധരിച്ചുകൊണ്ടാണ് ആരംഭിച്ചത്.

വിശുദ്ധ ക്ലാരയുടെയും,  വിശുദ്ധ ഫ്രാൻസിസിന്റെയും ജീവിതചര്യ അനുസരിച്ചുകൊണ്ട്, ധ്യാനാത്മകമായ പ്രാർത്ഥനയിലും ദാരിദ്ര്യത്തിലും സുവിശേഷത്തോടുള്ള പൂർണ്ണമായ അനുസരണത്തിലും, ക്ലാരിസ്റ്റ് സന്യാസിനി ഫെഡറേഷൻ അംഗങ്ങൾ കാണിക്കുന്ന വിശ്വസ്തതയാണ് ഈ വചനം അടിവരയിടുന്നതെന്നു പാപ്പാ പറഞ്ഞു. എല്ലാ സന്യാസ സമൂഹങ്ങളുടെയും പ്രഥമവും, പ്രധാനവുമായ ദൗത്യം ദൈവിക യാഥാർത്ഥ്യങ്ങളെക്കുറിച്ചുള്ള ധ്യാനവും പ്രാർത്ഥനയിൽ ദൈവവുമായുള്ള നിരന്തരമായ ഐക്യവുമാണ് എന്ന സഭാനിയമം, ഫെഡറേഷന്റെ ഭരണഘടനയിൽ, കൂട്ടിച്ചേർത്തതിനെ പാപ്പാ പ്രത്യേകം അഭിനന്ദിച്ചു.

സംഘടനാ തന്ത്രങ്ങളുടെ പ്രയോഗത്തിൽ  നിന്നോ, താത്ത്വികമായ അറിവുകളിൽ നിന്നോ അല്ല ദൈവവിളികൾ ജനിക്കുന്നതെന്നും, അവ പ്രാർത്ഥനയിൽ നിന്നും, സുവിശേഷവുമായുള്ള ബന്ധത്തിൽ നിന്നും, നിശബ്ദതയിൽ നിന്നും, തങ്ങളുടെ അപൂർണ്ണതകളോട് കൂടി എപ്രകാരം വിളി സ്വീകരിക്കാമെന്നു അറിയുന്നതിൽ നിന്നും, ഐക്യം സൃഷ്ടിക്കുന്ന ഒരു സമ്പൂർണ്ണതയുടെ ഭാഗമായി തങ്ങളെ തിരിച്ചറിയുന്നതിൽ  നിന്നുമാണെന്നു പാപ്പാ കൂട്ടിച്ചേർത്തു.

തുടർന്ന്, പാപ്പാ സന്യാസ ജീവിതത്തിന്റെ കൂട്ടായ്‍മയെ എടുത്തു കാണിച്ചു. പരസ്പരവും, സഭയുമായും അഗാധമായ കൂട്ടായ്മയുടെ ആത്മാവിൽ ജീവിക്കുന്ന ഒരു ശൈലി വളർത്തിയെടുക്കുവാൻ പാപ്പാ ആഹ്വാനം ചെയ്തു. തിടുക്കവും ബഹളവും ആധിപത്യം പുലർത്തുന്ന ഒരു സമൂഹത്തിൽ, നിശബ്ദതയുടെ പ്രാധാന്യം കാട്ടിക്കൊടുക്കണമെന്നും പാപ്പാ പറഞ്ഞു. ഇതാണ് ആശ്രമവാസത്തിന്റെ പ്രേഷിത ദൗത്യമെന്നും പാപ്പാ കൂട്ടിച്ചേർത്തു. "ഭാഷയില്ലാതെ, വാക്കുകളില്ലാതെ,  ശബ്ദം കേൾക്കാതെ, അവരുടെ സന്ദേശം ഭൂമി മുഴുവനും, അതിർത്തികൾ വരെയും വ്യാപിക്കുന്നു എന്ന പതിനെട്ടാം സങ്കീർത്തനത്തിലെ വചനവും പാപ്പാ അടിവരയിട്ടു. 

"സഭയ്ക്കും ലോകത്തിനും വേണ്ടിയുള്ള ദീപശിഖകൾ, കാവൽക്കാർ" എന്ന് സന്യാസിനികളെ വിശേഷിപ്പിച്ച ഫ്രാൻസിസ് പാപ്പായുടെ വാക്കുകളും പാപ്പാ ഉപസംഹാരമായി ഉദ്ധരിച്ചു. ഭൂമിയിൽ ദൈവരാജ്യത്തിന്റെ സാന്നിധ്യത്തിന്റെ അടയാളങ്ങളായി മാറുവാനും  പാപ്പാ ഏവരെയും ക്ഷണിച്ചു.