സാംസ്കാരിക-വിദ്യാഭ്യാസ ഡികസ്റ്ററിയിൽ സന്ദർശനം നടത്തി ലിയോ പതിനാലാമൻ പാപ്പാ

മാനവികതയുടെ മൂല്യങ്ങൾ ലോകമെമ്പാടും പ്രചരിപ്പിക്കാൻ ആഹ്വാനം ചെയ്തു കൊണ്ട്, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, സെപ്റ്റംബർ മാസം ഇരുപത്തിയൊന്നാം തീയതി, പ്രാദേശിക സമയം 11.30 ഓടെ വത്തിക്കാന്റെ സാംസ്കാരിക, വിദ്യാഭ്യാസ ഡികസ്റ്ററിയുടെ ഓഫീസിൽ സന്ദർശനം നടത്തുകയും, ഒരു മണിക്കൂർ സമയം അവിടെ ആയിരിക്കുകയും ചെയ്തു. തദവസരത്തിൽ, ജീവനക്കാരെയും സഹകാരികളെയും പാപ്പാ അഭിവാദ്യം ചെയ്തു.

ഓഫീസിന്റെ കവാടത്തിൽ എത്തിയ പാപ്പായെ, ഡിക്കസ്റ്ററിയുടെ പ്രീഫെക്ട്, കർദിനാൾ ഹോസെ തോളേന്തീനോയും, സെക്രട്ടറിമാരായ മോൺസിഞ്ഞോർ പോൾ ടിഗെ, മോൺസിഞ്ഞോർ കാർലോ മരിയ പോൾവാനി എന്നിവർ ചേർന്ന് സ്വീകരിച്ചു. അവിടെയുള്ള ചാപ്പലിലും പാപ്പാ അല്പസമയം പ്രാർത്ഥനയ്ക്കായി ചിലവഴിച്ചു.

സഭയ്ക്കും മുഴുവൻ ലോകത്തിനും വേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ  ദൈനംദിന പ്രതിബദ്ധതയ്ക്കും സേവനത്തിനും പ്രോത്സാഹനമായി പാപ്പാ ഹ്രസ്വമായ ഒരു സന്ദേശവും നൽകി. കത്തോലിക്കാ വിദ്യാഭ്യാസത്തിലൂടെയും, സാംസ്‌കാരിക പ്രവർത്തനങ്ങളിലൂടെയും, കലാരംഗത്തും, കായിക രംഗത്തും നിരവധി കൂടിക്കാഴ്ച്ചകൾക്ക് അവസരം ഉണ്ടാക്കികൊണ്ട്, മാനുഷിക മൂല്യങ്ങൾ കൈമാറ്റം ചെയ്യുവാനുള്ള സംഭാഷണത്തിന്റെ ഒരു ആഗോളഭാഷ രൂപപ്പെടുത്തിയെടുക്കണമെന്നു പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.

റോമൻ കൂരിയയുടെ പ്രവർത്തനം സഭയുടെ അടിസ്ഥാന സന്ദേശം, വിശ്വാസം കൈമാറുന്നതിനുള്ള വിലപ്പെട്ട ഒരു ഉപകരണമാണെന്നും പാപ്പാ അനുസ്മരിച്ചു. ഏവർക്കും തന്റെ അപ്പസ്തോലിക ആശീർവാദവും നൽകിയാണ് പാപ്പായുടെ കൂടിക്കാഴ്ച്ച പര്യവസാനിച്ചത്.