കൊല്ലം: തീരദേശ റോഡ് ശുചീകരിച്ച് കന്യാസ്ത്രീമാരും നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനികളും. അഭിനന്ദനവുമായി മന്ത്രി കൃഷ്ണ എത്തിയപ്പോള്‍ എല്ലാവരുടെയും ആഹ്ലാദം വര്‍ധിച്ചു.
കൊല്ലം രൂപതാധ്യക്ഷന്‍ ഡോ. പോള്‍ ആന്റണി മുല്ലശേരിയുടെ പരിസ്ഥിതി പദ്ധതിയായ ‘ലവ്ദാ തോ സി-ഭൂമിക്കൊരു കുട’യുടെ ഭാഗമായി കൊല്ലം ബെന്‍സിഗര്‍ ഹോസ്പിറ്റലും ബെന്‍സിഗര്‍ കോളേജ് ഓഫ് നേഴ്‌സിംഗും ചേര്‍ന്നാണ് അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തില്‍ ശുചീകരണം നടത്തിയത്. ആ സമയം അതുവഴി കടന്നുപോയ മന്ത്രി ബിന്ദു കൃഷ്ണ വാഹനം നിര്‍ത്തി അവിടെ ഇറങ്ങി ശുചീകരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരെ അഭിനന്ദിക്കുകയും അവരുമായി സംസാരിക്കുകയും ചെയ്തു.
ബിഷപ് ജെറോം തീരദേശ റോഡില്‍ കൊല്ലം ബീച്ച് മുതല്‍ പോര്‍ട്ട് കൊല്ലം വരെയുള്ള റോഡിലെ പ്ലാസ്റ്റിക്കുകളും സിഗററ്റ് വേസ്റ്റുകളും ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കംചെയ്തു.
ശുചീകരണത്തിന്റെ ഉദ്ഘാടനം ബെന്‍സിഗര്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. ബിനു തോമസ് തുപ്പാശ്ശേരി ഉദ്ഘാടനം ചെയ്തു.
ബെന്‍സിഗര്‍ കോളേജ് ഓഫ് നഴ്‌സിംഗ് ഡയറക്ടര്‍ ഫാ. ഷാനി ഫ്രാന്‍സിസ്, രൂപത അസോസിയേറ്റ് പിആഒ ജോര്‍ജ് എഫ്. സേവ്യര്‍ വലിയവീട്, ബെന്‍സിഗര്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ജീന മേരി, നേഴ്‌സിംഗ് സൂപ്രണ്ട് സിസ്റ്റര്‍ സിര്‍ള മേരി, സിസ്റ്റര്‍ ഫ്രഡിന മേരി, കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിന്‍സി ബൈജു തുടങ്ങിയവര്‍ സംബന്ധിച്ചു.