2026 ജനുവരിയിലെ ആദ്യ ബുധനാഴ്ച അറിയിച്ചിരുന്നതുപോലെ രണ്ടാം വത്തിക്കാൻ കൗൺസിലിനെയും അതിന്റെ പ്രമുഖ രേഖകളെയും കുറിച്ചുള്ള പഠന-ഉദ്ബോധന പരമ്പരയാണ് ഈ വർഷത്തിലെ ബുധനാഴ്ചകളിൽ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ നടത്തിവരുന്നത്. ഇതനുസരിച്ച്, “പ്രപഞ്ചത്തിലെ മാനുഷിക പ്രവർത്തനങ്ങളുടെ അർത്ഥം” (GS, 33-39) എന്ന തലക്കെട്ടിൽ, രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ "ഗൗദിയും എത് സ്‌പേസ്" എന്ന അജപാലന പ്രമാണരേഖയെ ആധാരമാക്കിയാണ് പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണം നടത്തിയത്.
പൊതുകൂടിക്കാഴ്ചയ്ക്ക് മുൻപായി പരിശുദ്ധ പിതാവ് ചത്വരത്തിലുണ്ടായിരുന്ന ഇരുപത്തയ്യായിരത്തോളം വരുന്ന ആളുകൾക്കിടയിലൂടെ തുറന്ന വാഹനത്തിൽ സഞ്ചരിക്കുകയും ആളുകളെ അഭിവാദ്യം ചെയ്യുകയും കൊച്ചു കുട്ടികൾക്ക് ആശീർവാദം നൽകുകയും ചെയ്തു. ബസലിക്കയ്ക്ക് മുന്നിൽ ഒരുക്കപ്പെട്ട പ്രത്യേക വേദിയിൽ പത്തുമണിയോടെ, ഇന്ത്യയിലെ സമയം ഉച്ച കഴിഞ്ഞ് ഒന്നരയോടെ എത്തിയ പാപ്പാ, കുരിശടയാളം വരച്ചുകൊണ്ട് ഔദ്യോഗിക കൂടിക്കാഴ്ച ആരംഭിച്ചു.
പരിശുദ്ധ പിതാവിന്റെ പ്രഭാഷണത്തിന് മുൻപായി ഉൽപത്തിപുസ്തകം രണ്ടാം അദ്ധ്യായത്തിൽനിന്നുള്ള ഒരു വചനഭാഗം ഇറ്റാലിയൻ ഭാഷയിൽ വായിക്കപ്പെട്ടു. വചനവായനയെത്തുടർന്ന് പാപ്പാ ഇറ്റാലിയൻ ഭാഷയിൽ തന്റെ പ്രഭാഷണം നടത്തി.
ഇറ്റാലിയൻ ഭാഷയിലുള്ള തന്റെ പൊതുവായ പ്രഭാഷണത്തിന് ശേഷം വിവിധ ഭാഷക്കാരായ ആളുകളെ അഭിസംബോധന ചെയ്ത പാപ്പാ, സെപ്റ്റംബർ 27-ന് ആചരിക്കപ്പെടുന്ന "കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ആഗോളദിനാചരണത്തിന്റെ" പശ്ചാത്തലത്തിൽ, അക്രമവും ചൂഷണവും നേരിടുന്ന ഈ വിഭാഗത്തെ, പ്രത്യേകിച്ച് കുട്ടികളെയും കൗമാരക്കാരെയും സംരക്ഷിക്കാൻ എല്ലാവരുടെയും ഉത്തരവാദിത്വപൂർണ്ണമായ പ്രവർത്തനങ്ങൾ ഉണ്ടാകണമെന്ന അഭ്യർത്ഥന മുന്നോട്ടുവച്ചു.
തുടർന്ന് പരിശുദ്ധ പിതാവ്, "സ്വർഗ്ഗസ്ഥനായ പിതാവേ" എന്ന പ്രാർത്ഥന ലത്തീൻ ഭാഷയിൽ ചൊല്ലുകയും, ഏവർക്കും തന്റെ ആശീർവാദം നൽകുകയും ചെയ്തു.