സെപ്റ്റംബർ 27-ന് ആചരിക്കപ്പെടുന്ന "കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ആഗോളദിനാചരണത്തിന്റെ" പശ്ചാത്തലത്തിൽ, അക്രമവും ചൂഷണവും നേരിടുന്ന ഈ വിഭാഗത്തെ, പ്രത്യേകിച്ച് കുട്ടികളെയും കൗമാരക്കാരെയും സംരക്ഷിക്കാൻ എല്ലാവരുടെയും ഉത്തരവാദിത്വപൂർണ്ണമായ പ്രവർത്തനങ്ങൾ ഉണ്ടാകണമെന്ന് പരിശുദ്ധ പിതാവിന്റെ അഭ്യർത്ഥന. സെപ്റ്റംബർ 23 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിയക്കാഴ്ച്ചാമദ്ധ്യേയാണ് ഇത്തരമൊരു ആഹ്വാനം പാപ്പാ മുന്നോട്ട് വച്ചത്.
കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ജീവിതത്തിൽ എല്ലാവരും ഉത്തരവാദിത്തത്തോടെ ഇടപെടണമെന്നും, സ്വന്തം നാടുവിട്ട് പലായനം ചെയ്യാൻ നിർബന്ധിതരാകുന്ന കുട്ടികളെയും കൗമാരക്കാരെയും പ്രത്യേകമായ വിധത്തിൽ സംരക്ഷിക്കുകയും സഹായിക്കുകയും വേണമെന്നും ലിയോ പതിനാലാമൻ പാപ്പാ. സെപ്റ്റംബർ 23 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ച്ചയുടെ അവസാനം വിവിധ ഭാഷക്കാരായ ആളുകളെ അഭിസംബോധന ചെയ്യവെയാണ്, കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും ആഗോളദിനത്തിന്റെ കൂടി പശ്ചാത്തലത്തിൽ ഇത്തരമൊരു ആഹ്വാനം പരിശുദ്ധ പിതാവ് മുന്നോട്ട് വച്ചത്.
സെപ്റ്റംബർ 27 ഞായറാഴ്ച ആചരിക്കപ്പെടുന്ന ലോക കുടിയേറ്റ-അഭയാർഥി ദിനത്തിന്റെ കാര്യം പരാമർശിച്ച പാപ്പാ, സ്വന്തം നാടും വീടും ഉപേക്ഷിക്കേണ്ടിവരുന്ന കുടിയേറ്റക്കാരെയും അഭയാർഥികളെയും കുറിച്ച് താൻ പ്രത്യേകമായ വിധത്തിൽ ചിന്തിക്കുന്നുണ്ടെന്ന് പ്രസ്താവിച്ചു. കുടിയേറ്റക്കാരും അഭ്യർത്ഥികളുമായ കുട്ടികളും കൗമാരക്കാരും ഏറിയ തോതിൽ ദുരിതങ്ങൾ അനുഭവിക്കുന്നവരാണെന്ന് പരിശുദ്ധ പിതാവ് ചൂണ്ടിക്കാട്ടി.
കുടിയേറ്റ പാതകളിൽ കുട്ടികളുൾപ്പെടെയുള്ളവർ പലപ്പോഴും സങ്കൽപ്പിക്കാനാകാത്ത ദുരിതങ്ങൾ നേരിടുന്നുവെന്ന് പറഞ്ഞ പാപ്പാ, അക്രമം, പീഡനം, ചൂഷണം, ഗുരുതരമായ മാനസിക ആഘാതങ്ങൾ എന്നിവയ്ക്ക് കുട്ടികൾ ഇരകളാകുന്നുണ്ടെന്നും, പലർക്കും ജീവൻ നഷ്ടമാകുന്നുണ്ടെന്നും ഓർമ്മിപ്പിച്ചു.
കുട്ടികൾക്ക് സംരക്ഷണവും സഹായവും ഉറപ്പാക്കുന്നതിൽ എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്ന് പാപ്പാ പ്രസ്താവിച്ചു. കുടിയേറ്റക്കാരും അഭയാർത്ഥികളുമായ കുട്ടികളുൾപ്പെടെയുള്ള നിരവധി ആളുകൾ അതികഠിനമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കാൻ നിർബന്ധിതരാകുന്നതിന്റെ പശ്ചാത്തലത്തിലാണ് പാപ്പാ ഇത്തരമൊരു ആഹ്വാനം മുന്നോട്ടുവച്ചത്.
വർഷം തോറും നൂറുകണക്കിനാളുകളാണ് മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തേടി യൂറോപ്പ് ഉൾപ്പെടെയുള്ള ഇടങ്ങളിലേക്കുള്ള യാത്രയിൽ മരണമടയുന്നത്.