പാരീസ് (ഫ്രാന്‍സ്): പാരിസിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ സെപ്റ്റംബര്‍ 25-ന് നടക്കുന്ന യുവജന സംഗമത്തില്‍ പീഢാസഹനവേളയില്‍ യേശു ധരിച്ച വിശുദ്ധ അങ്കി പ്രദര്‍ശിപ്പിക്കും. ആ അപൂര്‍വ്വ നിമിഷത്തിന് ലിയോ പതിനാലാമന്‍ പാപ്പ സാക്ഷ്യംവഹിക്കും. യേശുവിന്റെ ഈ തിരുശേഷിപ്പ് പ്രദര്‍ശനത്തില്‍ ഒരു പാപ്പ പങ്കെടുക്കുന്നത് ആദ്യമായാണ്. ഫ്രഞ്ച് വിപ്ലവത്തെ അതിജീവിച്ച ചരിത്രംകൂടിയുണ്ട് ഈ അങ്കിക്ക്.
പീഡാസഹന വേളയില്‍ യേശു ധരിച്ച തുന്ന ലുകളില്ലാത്ത വിശുദ്ധ വസ്ത്രമാണ് ‘ആര്‍ജന്റൂ യിയിലെ വിശുദ്ധ അങ്കി’. ചാര്‍ലിമേന്‍ ചക്രവര്‍ത്തി തന്റെ മകളുടെ മഠത്തിലേക്ക് ഈ തിരുശേഷിപ്പ് സമ്മാനിച്ചതിനു ശേഷം 1200-ലധികം വര്‍ഷങ്ങളായി ഫ്രാന്‍സിലെ ആര്‍ജന്റൂയി ബസിലിക്കയിലാണ് യേശുവിന്റെ വിശുദ്ധ അങ്കി സൂക്ഷിച്ചിക്കുന്നത്. ഫ്രഞ്ച് വിപ്ലവകാലത്ത് അങ്കി നശിച്ചുപോകാതിരിക്കാന്‍ അവിടെയുള്ള ഒരു ഇടവക വികാരി അങ്കി മുറിച്ച് കഷണങ്ങളാക്കി ഒളിപ്പിച്ചുവെച്ചിരുന്നു. പിന്നീട് ആ കഷണങ്ങള്‍ തുന്നിപ്പിടിപ്പിച്ചു പഴയതു പോലെ ആക്കുകയായിരുന്നു. 1983-ല്‍ അങ്കി കളവുപോയെങ്കിലും രണ്ട് മാസങ്ങള്‍ക്ക് ശേഷം കണ്ടെത്തി.