ലിയോ പതിനാലാമൻ പാപ്പായുടെ അഞ്ചാമത് അപ്പസ്തോലിക യാത്ര ഫ്രാൻസിന്റെ മണ്ണിൽ ആരംഭിച്ചു

ലിയോ പതിനാലാമൻ പാപ്പായുടെ അഞ്ചാമത് അപ്പസ്തോലിക യാത്രയ്ക്ക് വേദിയാകുന്നത്, കത്തോലിക്കാ സഭയുമായി നൂറ്റാണ്ടുകളായി ചരിത്രപരവും, ആത്മീയപരവുമായി ആഴമേറിയ ബന്ധം പുലർത്തുന്ന ഫ്രാൻസിന്റെ മണ്ണിലേക്കാണ്.  'ലോകത്തിന് ജീവൻ ഉണ്ടാകേണ്ടതിന്' വിശുദ്ധ യോഹന്നാന്റെ സുവിശേഷം ആറാം അദ്ധ്യായത്തിൽ യേശു, താൻ ലോകത്തിന് ജീവൻ നൽകുന്ന അപ്പമാണ് എന്ന് വെളിപ്പെടുത്തിക്കൊണ്ട്, പറഞ്ഞ ഈ വചനമാണ്, യാത്രയുടെ പ്രമേയം. സഭയുടെ പ്രധാന സംരക്ഷകരായി നിലകൊണ്ടതിനാൽ ഫ്രാൻസ് "സഭയുടെ മൂത്ത മകൾ" അല്ലെങ്കിൽ കടിഞ്ഞൂൽ പുത്രി എന്ന് അറിയപ്പെട്ടു. മധ്യകാലഘട്ടത്തിൽ പാപ്പാമാരുടെ ഭരണകേന്ദ്രമായി ഫ്രാൻസിലെ അവിഞ്ഞോൺ മാറിയതും, ലോകപ്രശസ്തമായ നോത്രെ ദാം കത്തീഡ്രൽ പോലുള്ള നിർമ്മിതികളും സഭയുടെ സാംസ്കാരികവും രാഷ്ട്രീയവുമായ സ്വാധീനം വിളിച്ചോതുന്നു. വിശുദ്ധ  ജോൻ ഓഫ് ആർക്ക്, ഫ്രാൻസിസ് ഡി സെയിൽസ് തുടങ്ങിയ നിരവധി വിശുദ്ധർ ഫ്രഞ്ച് കത്തോലിക്കാ ചരിത്രത്തിന്റെ ഭാഗമാണ്.

ഫ്രാൻസിന്റെ ഈ കത്തോലിക്കാ പാരമ്പര്യത്തിന്റെയും ചരിത്രത്തിന്റെയും മറ്റൊരു സുവർണ്ണ ഏടുകളിലേക്കാണ് പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായും പറന്നിറങ്ങിയത്. 1980, 1983, 1986, 1988, 1996, 1997, 2004 എന്നീ വർഷങ്ങളിൽ ഏഴുതവണയാണ്, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ ഫ്രാൻസിൽ സന്ദർശനം നടത്തിയിട്ടുള്ളത്. ബെനഡിക്ട് പതിനാറാമൻ പാപ്പായും, 2008ൽ ഈ രാഷ്ട്രം സന്ദർശിച്ചിട്ടുണ്ട്. 2014, 2023, 2024 എന്നീ വർഷങ്ങളിൽ ഫ്രാൻസിസ് പാപ്പായും ഫ്രാൻസിൽ വിവിധ സ്ഥലങ്ങളിൽ അപ്പസ്തോലിക സന്ദർശനം നടത്തിയിട്ടുണ്ട്.

ലിയോ പതിനാലാമൻ പാപ്പായുടെ നാല് ദിവസത്തെ സന്ദർശനത്തിൽ സമാധാനം, സംസ്കാരം, ആഗോള ഐക്യം എന്നിവ മുൻനിർത്തിയുള്ള പരിപാടികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സഭയും ഭരണകൂടവും തമ്മിലുള്ള സംവാദത്തിനും പാരമ്പര്യവും ഭാവി പ്രതീക്ഷകളും കൂട്ടിച്ചേർക്കുന്ന പുതിയൊരു അധ്യായത്തിനും ഈ സന്ദർശനം വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പാരീസ് നഗരം, പാപ്പായെ വരവേൽകുവാൻ ഏറെ നാളുകൾക്ക് മുൻപേ തന്നെ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നുവെന്നതിന്റെ തെളിവാണ് വിമാനത്താവളത്തിലും, അതിന്റെ പരിസരത്തുമായി പാപ്പായ്ക്ക് സ്വാഗതം ആശംസിച്ചുകൊണ്ടുള്ള ബോർഡുകൾ. ഫ്രാൻസിന്റെ തലസ്ഥാനമായ ഈ നഗരം, ലോകത്തിലെ തന്നെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലൊന്നാണ്.റോമൻ അധിനിവേശം, മധ്യകാലഘട്ടം, നവോത്ഥാനം, മധ്യകാല രാജഭരണം, ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രക്ഷോഭങ്ങൾ, പത്തൊൻപതാം നൂറ്റാണ്ടിലെ വൻ മാറ്റങ്ങൾ, ഇരുപതാം നൂറ്റാണ്ടിലെ അതിജീവന പോരാട്ടങ്ങൾ എന്നിവയിലൂടെ നിരന്തരം സ്വയം നവീകരിച്ചുകൊണ്ടാണ് ഈ   പ്രകാശനഗരം (Ville Lumière) ഇന്നത്തെ നിലയിൽ എത്തിയത്. അന്താരാഷ്ട്ര തലത്തിൽ സാംസ്കാരികവും രാഷ്ട്രീയവും സാമ്പത്തികവുമായ വലിയ സ്വാധീനമുള്ള ഒരു ആഗോള നഗരം കൂടിയാണിത്. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റ് (OECD), യുനെസ്കോ (UNESCO), യൂറോപ്യൻ സ്പേസ് ഏജൻസി (ESA) തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര സംഘടനകളുടെ ആസ്ഥാനം പാരീസിലാണ്. വിലമതിക്കാനാവാത്ത ചരിത്ര-കലാപരമായ സ്മാരകങ്ങളുടെ ശേഖരമായ ഈ നഗരം, ഫ്രഞ്ച് സംസ്കാരത്തിന്റെയും ആഗോള പ്രശസ്തിയുടെയും പ്രതീകമാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ തവണ (1855, 1867, 1878, 1889, 1900 വർഷങ്ങളിലായി അഞ്ച് തവണ) വേൾഡ് എക്സ്പോകൾക്ക് വേദിയായതും പാരീസാണെന്നത് എടുത്തുപറയേണ്ടതാണ്. കൂടാതെ 1900, 1924, 2024 എന്നീ വർഷങ്ങളിൽ മൂന്ന് തവണ ഒളിമ്പിക് ഗെയിംസിനും പാരീസ് ആതിഥേയത്വം വഹിച്ചിട്ടുണ്ട്.

സമ്മേളനത്തിന് മുന്നോടിയായി, യുനെസ്കോ ഡയറക്ടർ ജനറൽ പാപ്പായ്ക്ക് ഔദ്യോഗികമായി സ്വാഗതം ആശംസിച്ചു. തുടർന്ന്, പരിശുദ്ധ പിതാവിന് 'സമാധാനത്തിന്റെ പുസ്തകം' കൈമാറുകയും ചെയ്തു. പാപ്പാ തുടർന്ന് തന്റെ സന്ദേശം നൽകി. സമ്മേളാനന്തരം, പാപ്പാ യുനെസ്കോ ആസ്ഥാനത്തു സേവനം ചെയ്യുന്നവരെ അഭിവാദ്യം ചെയ്യുകയും, ഡയറക്ടർ ജനറലിനോട് ചേർന്ന് അവർക്കൊപ്പം ചിത്രമെടുക്കുകയും ചെയ്തു. തദ്ദനന്തരം, പാപ്പാ, സായാഹ്ന പ്രാർത്ഥനയ്ക്കും, സമർപ്പിതരുമായുള്ള കൂടിക്കാഴ്ചയ്ക്കുമായി, നോത്രദാം കത്തീഡ്രലിലേക്ക്, പാപ്പാ മൊബൈലിൽ യാത്രയായി.