ടെലിവിഷനിലൂടെയും റേഡിയോയിലൂടെയും സുവിശേഷം പ്രഘോഷിച്ചുകൊണ്ട് അനേകരെ ക്രിസ്തുവിലേക്ക് നയിച്ച ആർച്ചുബിഷപ് ഫുൾട്ടൺ ജെ ഷീൻ ഇനി വാഴ്ത്തപ്പെട്ട ഫുൾട്ടൺ ജെ ഷീൻ. കർദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെയുടെ കാർമികത്വത്തിൽ യുഎസിലെ സെന്റ് ലൂയീസിൽ നടന്ന തിരുക്കർമങ്ങൾക്ക് മധ്യേയാണ് ആർച്ചുബിഷപ് ഷീനിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന മാർപാപ്പയുടെ ഡിക്രി വായിച്ചത്. ഡോം അറ്റ് അമേരിക്കാസ് സെന്ററിൽ നടന്ന ചടങ്ങുകളിൽ 80 ലധികം ബിഷപ്പുമാരും ആയിരത്തോളം വൈദികരും 50,000ത്തോളം വിശ്വാസികളും പങ്കെടുത്തു. ഡിസംബർ 9-ന് വാഴ്ത്തപ്പെട്ട ഷീനിന്റെ തിരുനാൾ ദിനമായി ആചരിക്കും.
ജനങ്ങളെ ദൈവത്തിലേക്ക് നയിക്കുന്ന ഒരു പോർട്ടർ മാത്രമാണ് താനെന്ന ആർച്ചുബിഷപ് ഷീനിന്റെ വാക്കുകൾ അദ്ദേഹത്തിന്റെ എളിമ നിറഞ്ഞ മനോഭാവത്തിന്റെ ഉദാഹരണമായി കർദിനാൾ ടാഗ്ലെ ചൂണ്ടിക്കാണിച്ചു. ലക്ഷക്കണക്കിന് ജനങ്ങളെ മാധ്യമങ്ങളിലൂടെയുള്ള സുവിശേഷപ്രഘോഷണത്തിലൂടെ സ്വാധീനിച്ച് ആർച്ചുബിഷപ് ഷീന്റെ പ്രവർത്തനങ്ങൾ കേവലം പ്രഘോഷണത്തിൽ മാത്രം ഒതുങ്ങിയില്ല. മുറിവേറ്റ സഹോദരീസഹോദരന്മാരിൽ ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ കണ്ടുമുട്ടിയ സുവിശേഷകനായിരുന്നു ഷീനെന്ന് കർദിനാൾ പറഞ്ഞു. ദരിദ്രരുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെന്ന് അവിടെ ക്രിസ്തുവിനെ കണ്ടെത്താൻ ശ്രമിച്ച ഒരു മിഷനറിയായി അദ്ദേഹത്തെ സഭ ഇന്ന് ആദരിക്കുന്നു.
ജെയിംസ് ഫുൾട്ടൺ എൻസ്ട്രോം എന്ന കുഞ്ഞിന്റെ അത്ഭുത സൗഖ്യമാണ് ആർച്ചുബിഷപ് ഷീനിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിനായി വത്തിക്കാൻ അംഗീകരിച്ച അത്ഭുതം. ജനിച്ച് ഏകദേശം 61 മിനിറ്റ് ഹൃദയമിടിപ്പില്ലാത്ത അവസ്ഥയിലായിരുന്നിട്ടും, ഷീനിന്റെ മാധ്യസ്ഥത്തിലൂടെ ആ കുഞ്ഞ് ജീവിതത്തിലേക്ക് തിരികെ വരികെയായിരുന്നു. ഇപ്പോൾ 16 വയസ്സുള്ള ജെയിംസ് ഫുൾട്ടൺ എൻസ്ട്രോമാണ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ചടങ്ങിൽ, ഷീന്റെ തിരുശേഷിപ്പുകളിൽ ചിലത് സമർപ്പിച്ചത്.
വാഴ്ത്തപ്പെട്ട ഷീനിന്റെ വിശുദ്ധ പദവി പ്രഖ്യാപനത്തിനായി ഒരു അത്ഭുതമാണ് ഇനി വത്തിക്കാൻ ഔദ്യോഗികമായി അംഗീകരിക്കേണ്ടത്. അതേസമയം ആർച്ചുബിഷപ് ഫുൾട്ടൺ ഷീന്റെ മധ്യസ്ഥതയിലൂടെ നടന്ന ആറ് അത്ഭുതങ്ങൾ ഇപ്പോൾ തന്നെ അദ്ദേഹത്തിന്റെ വിശുദ്ധപദവി നടപടികളുമായി ബന്ധപ്പെട്ട് പരിഗണിക്കപ്പെടുന്നുണ്ടെന്ന് ആർച്ചുബിഷപ് ഫുൾട്ടൻ ജെ സീൻ ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു. ആർച്ചുബിഷപ് ഷീനിലൂടെ ദൈവത്തിന് ഇനിയും ധാരാളം അനുഗ്രഹങ്ങൾ സഭയ്ക്കും സമൂഹത്തിനും നൽകാനുണ്ടെന്ന ഓർമപ്പെടുത്തലാവുകയാണ് വിശുദ്ധപദവിയിലേക്കുള്ള നിർണായക ചുവടുവയ്പ്പായി മാറിയിരിക്കുന്ന അദ്ദേഹത്തിന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം.