യാക്കോബായ വിശ്വാസികള്‍ക്ക് ആശ്വാസവുമായി ലത്തീന്‍ സഭയും

യാക്കോബായ വിശ്വാസികള്‍ക്ക് ആശ്വാസവുമായി ലത്തീന്‍ സഭയും

യാക്കോബായ സഭാട്രസ്റ്റി മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായ്ക്ക് കേരള ലത്തീന്‍
കത്തോലിക്കാസഭ മേലധ്യക്ഷന്‍ ബിഷപ്പ് ഡോ. ജോസഫ് കരിയില്‍ അയച്ച കത്ത്

സഹോദരസഭകളായ യാക്കോബായസഭയും ഓര്‍ത്തഡോക്‌സ് സഭയും തമ്മിലുള്ള തര്‍ക്കത്തിന് ഇന്ത്യയിലെ പരമോന്നത നീതിന്യായ കോടതിയില്‍നിന്ന് ഒരു തീരുമാനം വന്നിരിക്കുകയാണ്. നിയമംവഴി അനുവദിച്ചുകിട്ടിയ അവകാശം സ്വന്തമാക്കാന്‍ ഒരുവശത്തുനിന്നുള്ള നടപടികളും ഒരുമിച്ചുവന്ന് ആരാധിക്കാന്‍ സ്വന്തമായി ഇടമില്ലാത്തതിന്റെ സങ്കടം മറുവശത്തുമുണ്ട്. മധ്യസ്ഥശ്രമങ്ങള്‍ക്കൊന്നും ഇടമില്ലാത്തതരത്തിലാണ് കാര്യങ്ങളുടെ കിടപ്പ്. എങ്കിലും അനുദിനം ഭൂമിയുടെ മുഖം നവീകരിക്കുന്ന പരിശുദ്ധാത്മാവില്‍ വിശ്വസിക്കുന്നവരാണ് ക്രിസ്ത്യാനികള്‍ എല്ലാവരും. അതിനാല്‍ വ്യത്യസ്തരായിരിക്കുമ്പോഴും, ഒരുമിച്ചുള്ള ക്രൈസ്തവസാക്ഷ്യത്തിന്റെ സഞ്ചാരപാതയ്ക്കായി പ്രതീക്ഷവയ്ക്കാനും പ്രാര്‍ത്ഥിക്കാനും നമുക്ക് കടമയുണ്ട്.

''എല്ലാം നിയമാനുസൃതമാണ്; എന്നാല്‍, എല്ലാം പ്രയോജനകരങ്ങളല്ല. എല്ലാം നിയമാനുസൃതമാണ്; എന്നാല്‍, എല്ലാം പടുത്തുയര്‍ത്തുന്നില്ല'' (1 കോറി 10:23) എന്ന അപ്പോസ്തല വചനം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുന്ന നമ്മളെ പുതുവഴികള്‍ തേടാന്‍ ആത്മാവു പ്രചോദിപ്പിക്കട്ടെ.

വ്യത്യസ്തമായ നിലപാടുകള്‍ സ്വീകരിക്കാന്‍ ഇരുസഭകള്‍ക്കും അവരവരുടേതായ അനുഭവങ്ങളും ബോധ്യങ്ങളും ഉണ്ടായിരിക്കാം. ഞങ്ങള്‍ ആരെയും വിധിക്കുന്നില്ല. തുറന്ന ഒരു സമീപനമാണ് ഞങ്ങള്‍ക്ക് രണ്ടു സഭകളോടുമുള്ളത്. ഇന്നത്തെ ഈ പ്രത്യേക പശ്ചാത്തലത്തില്‍ യാക്കോബായ സമൂഹത്തിന് കൂദാശകര്‍മ്മങ്ങള്‍ നടത്താന്‍ ആവശ്യമുള്ളിടങ്ങളില്‍ ലത്തീന്‍സഭയിലെ ദേവാലയങ്ങളില്‍ സൗകര്യമൊരുക്കാന്‍ തയ്യാറാണെന്ന വിവരവും അറിയിക്കുകയാണ്.

ഓഗസ്റ്റ് 31-ന് അയച്ച കത്തിന്റെ പൂര്‍ണരൂപമാണിത്.