ദൈവകൃപയ്ക്കും നിത്യജീവനും മുന്നിലെ ഏക തടസ്സം പാപം: ലിയോ പാപ്പ

ദൈവത്തിൻ്റെ സ്നേഹവും നിത്യജീവനിലേക്ക് നയിക്കുന്ന കൃപയും അനുഭവിക്കുന്നതിന് തടസ്സമായി നിൽക്കുന്ന ഒരേയൊരു കാര്യം 'പാപം' ആണെന്ന് ലിയോ പാപ്പ. സെപ്റ്റംബർ 27 ഞായറാഴ്ച ലൂർദ്ദിൽ ഒത്തുചേർന്ന വിശ്വാസി സമൂഹത്തിന് ഒപ്പം വിശുദ്ധ ബലിയർപ്പിച്ചു സന്ദേശം നല്‍കുകയായിരിന്നു പാപ്പ. പാപം മൂലം നാം ദൈവത്തെ നിരാകരിക്കുകയും സ്വന്തം അന്ധകാരത്തിൽ അടച്ചിരുന്ന് നമ്മളിലേക്ക് തന്നെ തിരിയുകയും ചെയ്യുകയാണെന്ന് പാപ്പ ചൂണ്ടിക്കാട്ടി. അതിനാൽ, ഇവിടെ നമ്മുടെ വ്യക്തിപരമായ ഉത്തരവാദിത്തം പ്രസക്തമാണ്; അതൊരു വലിയ ഉത്തരവാദിത്തമാണ്. സ്നേഹത്തിന് സ്വാതന്ത്ര്യം അനിവാര്യമായതുകൊണ്ട് ദൈവം നമുക്ക് സ്വാതന്ത്ര്യം നൽകിയിരിക്കുകയാണെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു.

ആരെയും സ്നേഹിക്കാൻ നിർബന്ധിക്കാനാവില്ല. അതിനാൽ, പരിശുദ്ധ മറിയത്തെപ്പോലെ ദൈവകൃപയിൽ ആശ്രയിച്ചുകൊണ്ട്, ക്രിസ്തുവിനെ സ്വീകരിക്കാൻ (അവിടുത്തേക്ക് 'അതെ' എന്ന് പറയാൻ) നാം നമ്മുടെ സ്വാതന്ത്ര്യം വിനിയോഗിക്കണം. 'നന്മ നിറഞ്ഞ മറിയമേ' എന്ന പ്രാർത്ഥനയിൽ നാം ചൊല്ലുന്നതുപോലെ "ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും" നമ്മുടെ അവസാന ശ്വാസം വരെയും നാം ആവർത്തിക്കേണ്ട ഒരു 'അതെ' ആണത്. പരിശുദ്ധ അമ്മയെപ്പോലെ, ക്രിസ്തുവിൻ്റെ ഹിതത്തിനുള്ള സമ്മതമേകൽ ജീവിതകാലം മുഴുവൻ പുതുക്കിക്കൊണ്ടിരിക്കേണ്ട ഒന്നാണെന്നും പാപ്പ പറഞ്ഞു.