ക്ഷമിക്കാനും, പങ്കുവെക്കാനും സന്നദ്ധരാകുമ്പോൾ മാത്രമാണ് സമൂഹത്തിൽ യഥാർത്ഥ സമാധാനം സൃഷ്ടിക്കപ്പെടുന്നത്: പാപ്പാ

ഫ്രാൻസിലേക്കുള്ള പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ അപ്പസ്തോലിക സന്ദർശനവേളയിൽ, മെറ്റ്സിലെ(Metz) വിശുദ്ധ സ്റ്റീഫൻ്റെ നാമധേയത്തിലുള്ള കത്തീഡ്രലിൽ, വിശുദ്ധ ബലിയർപ്പിക്കുകയും , വചന സന്ദേശം നൽകുകയും ചെയ്തു. അക്രമവും സ്വാർത്ഥതയും നിറഞ്ഞ ലോകത്ത്, മരുഭൂമികളെ ഉദ്യാനങ്ങളും വീടുകളുമാക്കി മാറ്റാൻ വിട്ടുകൊടുക്കലിൻ്റെയും ക്ഷമയുടെയും കാരുണ്യത്തിൻ്റെയും പാതയാണ് യേശു സുവിശേഷത്തിലൂടെ പഠിപ്പിക്കുന്നതെന്നു പാപ്പാ സന്ദേശത്തിൽ അടിവരയിട്ടു പറഞ്ഞു.

ഈ ദിവ്യബലി അർപ്പണത്തിലൂടെ മെറ്റ്സ് രൂപതാ സമൂഹത്തെയും യൂറോപ്പിനെയും ദൈവത്തിന് സമർപ്പിക്കുന്നതിലുള്ള സന്തോഷം പങ്കുവച്ചുകൊണ്ടും, ചരിത്രപരമായി വിവിധ സംസ്കാരങ്ങളുടെയും ജനവിഭാഗങ്ങളുടെയും സംഗമഭൂമിയാകുകയും, അതേസമയം യൂറോപ്പിൻ്റെ അതിർത്തിപ്രദേശമായതിനാൽ നിരന്തരം യുദ്ധങ്ങളും സംഘർഷങ്ങളും അനുഭവിക്കേണ്ടി വരികയും ചെയ്ത മൊസെല്ലെ മേഖലയിൽ ദൈവത്തിൻ്റെ വാഗ്ദാനം ശക്തമായി മുഴങ്ങുന്നുവെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു കൊണ്ടാണ്, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ തൻ്റെ ഫ്രാൻസ് സന്ദർശനം പര്യവസാനിപ്പിച്ചുകൊണ്ടുള്ള വിശുദ്ധ ബലി മധ്യേയുള്ള സന്ദേശം ആരംഭിച്ചത്.