അമേരിക്കയിലെ വാഷിംഗ്ടൺ ഡി.സിയിലെ അമലോത്ഭവ മാതാവിൻ്റെ ബസിലിക്കയില്‍ നടന്ന ജപമാല തീർത്ഥാടനത്തിൽ ആയിരങ്ങളുടെ പങ്കാളിത്തം. ഒക്ടോബറിലെ ജപമാല മാസത്തിന് മുന്നോടിയായി നടന്ന ആത്മീയ സംഗമത്തിൽ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൂവായിരത്തോളം വിശ്വാസികളാണ് എത്തിയത്. പതിനായിരക്കണക്കിന് ആളുകൾ യൂട്യൂബിലെ തത്സമയ സംപ്രേക്ഷണം വഴിയും ഇതിൽ പങ്കെടുത്തു.
സെന്റ് ജോസഫ് പ്രൊവിൻസിലെ ഡൊമിനിക്കൻ സന്യാസിമാർ സംഘടിപ്പിച്ച പരിപാടിയിൽ, ദിവ്യകാരുണ്യ ആരാധനയിൽ പങ്കുചേരുന്നതിനും അനുരഞ്ജന കൂദാശ സ്വീകരിക്കുന്നതിനുമുള്ള അവസരങ്ങൾ ഒരുക്കിയിരുന്നു. ഓരോ വർഷവും ഈ തീർത്ഥയാത്ര വിപുലമായിക്കൊണ്ടിരിക്കുകയാണെന്നും കൂടുതൽ ആളുകൾ പ്രാര്‍ത്ഥനയ്ക്കായി ഓരോ വർഷവും ഒന്നുചേരുകയാണെന്നും ആ പ്രാർത്ഥനകൾ സ്വർഗ്ഗത്തിലേക്ക് ഉയർത്തപ്പെടുകയാണെന്നും സെന്റ് ജോസഫ് പ്രൊവിൻസിലെ സാമൂഹിക ആശയവിനിമയ വിഭാഗം പ്രൊമോട്ടർ ജനറലായ ഡൊമിനിക്കൻ വൈദികൻ ഫാ. പാട്രിക് ബ്രിസ്കോ പറഞ്ഞു.
ജപമാല എന്നത് കേവലം ഒരു പ്രാർത്ഥന മാത്രമല്ലെന്നും, അത് ദൈവവുമായുള്ള ആഴമായ ബന്ധമാണെന്നും പ്രധാന പ്രഭാഷകനായ ഫാ. പീറ്റർ ജോൺ കാമറൂൺ ഓർമ്മിപ്പിച്ചു. മനുഷ്യനെ ദൈവവുമായി ബന്ധിപ്പിക്കുന്ന ചങ്ങലയാണ് ജപമാലയെന്ന് അദ്ദേഹം വ്യക്തമാക്കി. വിശുദ്ധ കുർബാന, ദിവ്യകാരുണ്യ ആരാധന, കുമ്പസാരം, ജപമാല പ്രദക്ഷിണം, ആത്മീയ പ്രഭാഷണങ്ങൾ എന്നിവ തീർത്ഥാടനത്തോടനുബന്ധിച്ച് നടന്നു.