ഫ്രാൻസിലേക്കും യുനെസ്‌കോയിലേക്കുമായി നടത്തിയ തന്റെ അഞ്ചാമത് അപ്പസ്തോലികയാത്രയിലെ വിവിധ നിമിഷങ്ങളുടെ ഒരു വിശകലനമായിരുന്നു സെപ്റ്റംബർ 30 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാമദ്ധ്യേ ലിയോ പതിനാലാമൻ പാപ്പാ നടത്തിയ പ്രഭാഷണം. "ലോകത്തിന് ജീവൻ ഉണ്ടാകേണ്ടതിന്" എന്ന പ്രമേയത്തിൽ, സെപ്റ്റംബർ 25 മുതൽ 28 വരെ തീയതികൾ നീണ്ട തന്റെ അപ്പസ്തോലികയാത്ര ഫ്രാൻസിലേതുൾപ്പെടെയുള്ള കത്തോലിക്കാസമൂഹങ്ങൾക്കും ലോകത്തിനും സമാധാനത്തിന്റെയും സഹകരണത്തിന്റെയും ഐക്യത്തിന്റെയും നിരന്തരമായ പരിശ്രമത്തിന്റെയും സന്ദേശം പ്രദാനം ചെയ്യുന്നതായിരുന്നു.
പൊതുകൂടിക്കാഴ്ചയ്ക്ക് മുൻപായി പരിശുദ്ധ പിതാവ് ചത്വരത്തിലുണ്ടായിരുന്ന പതിനായിരക്കണക്കിന് ആളുകൾക്കിടയിലൂടെ തുറന്ന വാഹനത്തിൽ സഞ്ചരിക്കുകയും ആളുകളെ അഭിവാദ്യം ചെയ്യുകയും കൊച്ചു കുട്ടികൾക്ക് ആശീർവാദം നൽകുകയും ചെയ്തു. ബസലിക്കയ്ക്ക് മുന്നിൽ ഒരുക്കപ്പെട്ട പ്രത്യേക വേദിയിൽ പത്തുമണിയോടെ, ഇന്ത്യയിലെ സമയം ഉച്ച കഴിഞ്ഞ് ഒന്നരയോടെ എത്തിയ പാപ്പാ, കുരിശടയാളം വരച്ചുകൊണ്ട് ഔദ്യോഗിക കൂടിക്കാഴ്ച ആരംഭിച്ചു.
പരിശുദ്ധ പിതാവിന്റെ പ്രഭാഷണത്തിന് മുൻപായി കൊളോസോസിലെ സഭയ്‌ക്കെഴുതപ്പെട്ട ലേഖനം ഒന്നാം അദ്ധ്യായം മൂന്ന് മുതൽ ആറുവരെയുള്ള വാക്യങ്ങൾ വിവിധ ഭാഷകളിൽ വായിക്കപ്പെട്ടു..
“ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുമ്പോഴൊക്കെ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പിതാവായ ദൈവത്തിനു നന്ദി പറയുന്നു. എന്തെന്നാല്‍, സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കുവേണ്ടി നിക്ഷിപ്തമായിരിക്കുന്ന പ്രത്യാശമൂലം, യേശുക്രിസ്തുവില്‍ നിങ്ങള്‍ക്കുള്ള വിശ്വാസത്തെക്കുറിച്ചും നിങ്ങള്‍ക്ക് എല്ലാ വിശുദ്ധരോടുമുള്ള സ്നേഹത്തെക്കുറിച്ചും ഞങ്ങള്‍ കേട്ടിരിക്കുന്നു. നിങ്ങളോട് അറിയിക്കപ്പെട്ട സുവിശേഷസത്യത്തിന്‍റെ വചനത്തില്‍നിന്ന് ഈ പ്രത്യാശയെക്കുറിച്ചു മുമ്പുതന്നെ നിങ്ങള്‍ കേട്ടിട്ടുണ്ട്. നിങ്ങള്‍ സുവിശേഷം ശ്രവിക്കുകയും സത്യത്തില്‍ ദൈവത്തിന്‍റെ കൃപ പൂര്‍ണമായി മനസ്സിലാക്കുകയുംചെയ്ത നാള്‍ മുതല്‍ ലോകത്തില്‍ എല്ലായിടത്തുമെന്നപോലെ നിങ്ങളുടെയിടയിലും അതു വളരുകയും ഫലം പുറപ്പെടുവിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.” (കൊളോ. 1, 3-6).
വചനവായനയെത്തുടർന്ന് പാപ്പാ ഇറ്റാലിയൻ ഭാഷയിൽ തന്റെ പ്രഭാഷണം നടത്തി.
പ്രിയപ്പെട്ടവരേ, ഫ്രാൻസിലെ എന്റെ ഇടയസന്ദർശനത്തിന്റെ വിഷയം “ലോകത്തിന് ജീവൻ ഉണ്ടാകേണ്ടതിന്” (“Pour que le monde ait la vie” - യോഹ 6:51 കാണുക) എന്നതായിരുന്നു. തന്റെ മുഴുവൻ രക്ഷാദൗത്യത്തെയും സംഗ്രഹിക്കുന്ന യേശുവിന്റെ വാക്കുകളാണിവ. അപ്പസ്തോലിക യാത്രയ്ക്കിടയിൽ നടന്ന ഓരോ കൂടിക്കാഴ്ചയുടെയും സുവിശേഷപരമായ അർത്ഥം ഈ വാക്കുകൾ വ്യക്തമാക്കിയിരുന്നു. കൃപയുടെ ഈ യാത്ര സമൃദ്ധവും നിലനിൽക്കുന്നതുമായ ഫലങ്ങൾ പുറപ്പെടുവിക്കണമേ എന്ന് അപേക്ഷിക്കുന്ന നമ്മുടെ പ്രാർത്ഥനയ്ക്ക് ഈ വാക്കുകൾ പ്രേരണയാകട്ടെ.
ഇറ്റാലിയൻ ഭാഷയിലുള്ള തന്റെ പൊതുവായ പ്രഭാഷണത്തിന് ശേഷം വിവിധ ഭാഷക്കാരായ ആളുകളെ അഭിസംബോധന ചെയ്ത പരിശുദ്ധ പിതാവ്, "സ്വർഗ്ഗസ്ഥനായ പിതാവേ" എന്ന പ്രാർത്ഥന ലത്തീൻ ഭാഷയിൽ ചൊല്ലുകയും, ഏവർക്കും തന്റെ ആശീർവാദം നൽകുകയും ചെയ്തു.