കൊച്ചി: സീറോ മലബാർ സഭയിൽ മിഷൻ മാസാചരണത്തിന്റെ ഉദ്ഘാടനം മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിർവഹിച്ചു. മൗണ്ട് സെന്റ് തോമസിൽ നടന്ന ചടങ്ങിൽ തിരി തെളിച്ചാണ് മേജർ ആർച്ച് ബിഷപ്പ് മിഷൻ മാസാചരണം ഉദ്ഘാടനം ചെയ്തത്. മാമ്മോദീസ സ്വീകരിച്ച ഓരോരുത്തരും പ്രേഷിതരാണെന്ന ബോധ്യത്തിൽ വ്യക്തി, കുടുംബ, സഭാജീവിതത്തിൽ പ്രേഷിതബോധം വളർത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
സീറോമലബാർ സഭാ സിനഡ് സെക്രട്ടറി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി മിഷൻ മാസാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ മിഷൻ മാസാചരണ പ്രാർത്ഥന നയിച്ചു. സീറോമലബാർ മിഷൻ കമ്മിഷൻ സെക്രട്ടറി ഫാ. ഫ്രാൻസിസ് എലുവത്തിങ്കൽ, സിസ്റ്റർ ലിസ്യൂ തെരേസ് എന്നിവർ നേതൃത്വം നൽകി.
വിവിധ സന്യാസ സമൂഹങ്ങളുടെ മേജർ സുപ്പീരിയർമാ ർ, വൈദികർ, സന്യസ്‌തർ തുടങ്ങിയവർ പങ്കെടുത്തു. 2024ൽ പാലായിൽ നടന്ന മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയുടെ നിർദേശപ്രകാരമാണ് ജനുവരിയിൽ ആചരിച്ചിരുന്ന മിഷൻ വാരം ഒക്ടോബർ മുഴുവൻ നീണ്ടുനിൽക്കുന്ന മിഷൻ മാസമായി മാറ്റിയത്. ആഗോള കത്തോലിക്കാ സഭയുടെയും സീറോമലബാർ സഭയുടെയും ഓരോ രൂപതയുടെയും മിഷൻ, ഇടവക, കുടുംബം, വ്യക്തി എന്നീ നാലു തലങ്ങളെ അടിസ്ഥാനമാക്കിയാണ് മിഷൻ മാസാചരണം ക്രമീകരിച്ചിരിക്കുന്നത്.