ആര്‍ച്ചുബിഷപ് ജോസഫ് ചേന്നോത്ത് അന്തരിച്ചു
ജപ്പാനിലെ നുണ്‍ഷ്യോ ആയിരുന്ന ആര്‍ച്ചുബിഷപ് ചേന്നോത്ത് സെപ്റ്റംബര്‍ 7-ാം തീയതി ഹൃദയാഘാതത്തെ തുടര്‍ന്ന് ടോക്കിയോയില്‍ അന്തരിച്ചു. എറണാകുളം-അങ്കമാലി രൂപതാംഗമായ ഇദ്ദേഹം 2011 മുതല്‍ ജപ്പാനില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.
1943 ഒക്‌ടോബര്‍ 13-ന് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ ജനിച്ച ഇദ്ദേഹം 1960-ല്‍ സെമിനാരിയില്‍ പ്രവേശിച്ചു, 1969-ല്‍ പൗരോഹിത്യം സ്വീകരിക്കുകയും റോമില്‍ കാനന്‍ ലോയില്‍ ഡോക്ടറേറ്റ് നേടുകയും ചെയ്തു. പരിശുദ്ധ സിംഹാസനത്തിന്റെ ഔദ്യോഗിക ജോലികളുടെ ഭാഗമായി കാമറൂണ്‍, തുര്‍ക്കി, ഇറാന്‍, ബല്‍ജിയം, സ്‌പെയിന്‍, ചൈന എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. 1999 ലായിരുന്നു മെത്രാഭിഷേകം. പുരോഹിതനായി 51 വര്‍ഷങ്ങളും മെത്രാനായി 20 വര്‍ഷങ്ങളും പൂര്‍ത്തിയാക്കി. കെസിബിസിയുടെ അനുശോചനവും ആദരവും രേഖപ്പെടുത്തുന്നു.