മനുഷ്യന്റെ ക്രിയാത്മകശേഷിയുടെ ഭാഗമായ കലയുടെ പ്രാധാന്യവും സഭയിലും മാനവികതയിലും കലാകാരന്മാർക്കുള്ള സ്ഥാനവും എടുത്തുകാട്ടി ലിയോ പതിനാലാമൻ പാപ്പാ. സംസ്കാരത്തിനും വിദ്യാഭ്യാസത്തിനുമായുള്ള വത്തിക്കാൻ ഡികാസ്റ്ററി വിളിച്ചുചേർത്ത "സാധ്യതകളുടെ കല: ഒരുമിച്ച് നെയ്തെടുക്കുക" (L’arte della possibilità: tessere insieme) എന്ന പേരിലുള്ള സംഗമത്തിൽ പങ്കെടുത്ത കലാകാരന്മാർക്ക് ഒക്ടോബർ രണ്ടാം തീയതി വെള്ളിയാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച് സംസാരിക്കവെ, നിർമ്മിതബുദ്ധിയുൾപ്പെടെയുള്ള സാങ്കേതികവിദ്യകളുടെ വളർച്ചയുടെ ഇക്കാലത്ത്, മാനുഷികമായ കഴിവുകളുപയോഗിച്ചുള്ള നിർമ്മിതികളും കലയും പ്രത്യേകം പരിഗണിക്കപ്പെടുകയും വേർതിരിച്ചുകാണാൻ സാധിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം പാപ്പാ എടുത്തുപറഞ്ഞു.
മനുഷ്യഹൃദയത്തിലെ വലിയ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മുന്നിൽ പ്രത്യുത്തരിക്കാൻ കഴിവുള്ള കലയ്ക്ക്, സാംസ്കാരികവും ആത്മീയവുമായ നവീകരണത്തിനുള്ള ശക്തിയുണ്ടെന്ന് പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. മാനവികതയുടെ പ്രത്യേകതകൾ സംരക്ഷിക്കുന്നതിനും സാങ്കേതികവിദ്യകൾ സൃഷ്ടിക്കുന്ന എല്ലാം ഒരേ രീതിയിലേക്ക് ചുരുങ്ങുന്ന പ്രവണതയിൽനിന്ന് മാറി നിൽക്കുന്നതിനും സഭയ്ക്ക് കലാകാരന്മാരുടെ സഹകരണവും കഴിവും ആവശ്യമുണ്ടെന്നും പാപ്പാ കൂട്ടിച്ചേർത്തു.
സഭയെ സംബന്ധിച്ചിടത്തോളം കലയെന്നത് വെറുമൊരു അലങ്കാരം അല്ലെന്നും, മാനവരാശിയുടെ ആഗ്രഹങ്ങളും വേദനകളും, അവരിലെ സൗന്ദര്യം നീതി സമാധാനം തുടങ്ങിയ മൂല്യങ്ങൾക്കായുള്ള ദാഹവും മനസ്സിലാക്കാനുള്ള ഒരു ഇടമാണെന്നും പാപ്പാ പ്രസ്താവിച്ചു. സാംസ്കാരികവും ആത്മീയവുമായ തലങ്ങളിൽ കലയ്ക്കുള്ള പ്രത്യേക സ്ഥാനവും പരിശുദ്ധ പിതാവ് അനുസ്മരിച്ചു.
കലാകാരന്മാരുമായും സാംസ്‌കാരിക സ്ഥാപനങ്ങളുമായുമുള്ള സഭയുടെ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള ആഗ്രഹം വ്യക്തമാക്കിയ പാപ്പാ, മനുഷ്യരാശിയുടെ മഹത്തായ മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ കലാകാരന്മാരുടെ പങ്ക് നിർണായകമാണെന്ന് പ്രസ്താവിച്ചു.
ഫ്രാൻസിലേക്കും യുനെസ്കോയിലേക്കുമുള്ള തന്റെ അപ്പസ്തോലികയാത്രയുടെ അവസരത്തിൽ, മനുഷ്യരുടെ ജീവിതത്തെ പിന്താങ്ങാതെ, വിദ്യാഭ്യാസത്തെയും, ശാസ്ത്ര, സാംസ്‌കാരിക മേഖലയെയും പിന്തുണയ്ക്കുന്നതിൽ അർത്ഥമില്ലെന്ന് താൻ പറഞ്ഞത് ആവർത്തിച്ച പാപ്പാ, എന്നാൽ, കലാകാരന്മാരോട് സഭയ്ക്ക് വലിയ മതിപ്പുണ്ടെന്ന് പ്രസ്താവിക്കുകയും, സഭയോടൊത്ത് നടക്കുന്നതിനും, സഭയ്ക്കായി വിവിധ സേവനങ്ങൾ ചെയ്യുന്നതിനും അവർക്ക് നന്ദി പറയുകയും ചെയ്തു.