ലെസ്റ്റര്‍: പ്രാര്‍ത്ഥനയും സംഗീതവും സൗഹൃദ ത്തിന്റെ ഊഷ്മളതയും ഒരുമിച്ചപ്പോള്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ യുവജന സംഗമമായ ‘ഹന്ദൂസ 2026’ വിശ്വാസ പ്രഖ്യാപന വേദിയായി മാറി. ലെസ്റ്റെറിലെ മഹര്‍ സെന്ററില്‍ രൂപതയുടെ വിവിധ ഇടവക, മിഷന്‍ പ്രൊപ്പോസഡ് മിഷനുകളില്‍ നിന്നായി 1300 ലധികം യുവജനങ്ങള്‍ പങ്കെടുത്ത സംഗമം പ്രാര്‍ത്ഥനയും സംഗീതവും കലാപരിപാടികളും സൗഹൃദ ക്കൂട്ടായ്മയും നിറഞ്ഞ ദിനമായി മാറി
പ്രാര്‍ത്ഥനയോടും ദിവ്യകാരുണ്യ ആരാധനയോടും കൂടിയാണ് പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.
യുവജനങ്ങളുടെ നേതൃത്വത്തിലുള്ള സമയം ബാന്‍ഡ് നയിച്ച ആരാധനാഗാനങ്ങള്‍ സംഗമത്തിന് ആവേശം പകര്‍ന്നു. എസ്എംവൈഎം രൂപത ഡയറക്ടര്‍ ഫാ. ജോസഫ് മുക്കാട്ട്, രൂപത എസ്എം വൈഎം പ്രസിഡന്റ് ഡെറിക് ഷൈന്‍ എന്നിവര്‍ പ്രസംഗിച്ചു.
വിവിധ റീജിയനുകളിലെ യുവജനങ്ങളുടെ കഴിവുകളും സാംസ്‌കാരിക പൈതൃകവും അവതരിപ്പിച്ച നസ്രാണി സാംസ്‌കാരിക പരിപാടി ദിനത്തിലെ മറ്റൊരു ആകര്‍ഷണമായി. മത്സരത്തില്‍ കാന്റര്‍ബറി ഒന്നാം സ്ഥാനവും പ്രസ്റ്റണ്‍ രണ്ടാം സ്ഥാനവും ബര്‍മിംഗ്ഹാം മൂന്നാം സ്ഥാനവും നേടി. പരിപാടിയുടെ സമാപനത്തില്‍ അമേരിക്കന്‍ സീറോ മലബാര്‍ റാപ്പര്‍ പ്രോഡിജില്‍ അവതരിപ്പിച്ച ഗാനങ്ങളും യുവജനങ്ങളെ ആവേശത്തിലാഴ്ത്തി. രൂപത ചാന്‍സിലര്‍ റവ. ഡോ. മാത്യു പിണക്കാട്ട്, ഫിനാന്‍സ് ഓഫീസര്‍ റവ. ഫാ. ജോ മൂലശേരി വി. സി തുടങ്ങിയവര്‍ സംഗമത്തില്‍ പങ്കെടുത്തു.
‘Awakened by Ruha. Anchored in Discipline’ എന്നതായിരുന്നു ഈ വര്‍ഷത്തെ പ്രമേയം. അടുത്ത ‘ഹന്ദൂസ 2027’ സെപ്റ്റംബര്‍ 25ന് നടക്കുമെന്ന പ്രഖ്യാപനത്തോടെയാണ് സംഗമം സമാപിച്ചത്.