വത്തിക്കാനിൽ സ്ഥിതി ചെയ്യുന്ന, തെവുതോണികോ പൊന്തിഫിക്കൽ സെമിനാരിയിലെ അംഗങ്ങളുമായി, ലിയോ പതിനാലാമൻ പാപ്പാ, ഒക്ടോബർ മാസം മൂന്നാം തീയതി, കൂടിക്കാഴ്ച്ച നടത്തുകയും അവർക്ക് സന്ദേശം നൽകുകയും ചെയ്തു. കോളജ് സ്ഥാപിതമായതിന്റെ നൂറ്റിയൻപതാം വാർഷികത്തോടനുബന്ധിച്ചാണ് ഈ കൂടിക്കാഴ്ച്ച നടന്നത്. പാപ്പാ, തന്റെ സന്ദേശത്തിൽ, അംഗങ്ങളെ സ്വാഗതം ചെയ്യുന്നതിൽ തനിക്കുള്ള അതിയായ സന്തോഷം ആമുഖമായി എടുത്തു പറഞ്ഞു. എട്ടാം നൂറ്റാണ്ടു മുതൽ റോമൻ സാമ്രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് റോമിലേക്ക് പോകുന്ന തീർത്ഥാടകർക്ക്, ഒരു പ്രധാന ആധികാരിക കേന്ദ്രമായി നിലംകൊണ്ടത്, തെവുതോണികോ കാമ്പോ സാന്തോ ആയിരുന്നുവെന്നും, തുടർന്ന്, പത്തൊൻപതാം നൂറ്റാണ്ടിൽ, ജർമ്മൻ സാമ്രാജ്യത്തിലെ കുൽതുർകാംഫിന്റെ സഭാപരമായ രാഷ്ട്രീയ നടപടികൾ കാരണം പുരോഹിതരുടെ പ്രവർത്തനങ്ങൾ തടസപ്പെട്ടപ്പോൾ, വത്തിക്കാനിലെ ഈ സ്ഥലം അതത് രാജ്യങ്ങളിലെ പുരോഹിതന്മാർക്ക് ഇടമൊരുക്കിയതും പാപ്പാ എടുത്തു പറഞ്ഞു.
ജർമ്മൻ സംസാരിക്കുന്ന വിവിധ രാജ്യങ്ങളിലെ വൈദികർക്ക് അപ്രകാരം ഈ ഒരു സ്ഥലം, അഭയകേന്ദ്രമായി മാറിയെന്നും, പിന്നീട് ക്രിസ്ത്യൻ പുരാവസ്തുശാസ്ത്രം, സഭാ ചരിത്രം, ക്രിസ്ത്യൻ ഉത്ഭവത്തെക്കുറിച്ചുള്ള ഗവേഷണം എന്നിവയ്ക്കുള്ള ഒരു പ്രധാന കേന്ദ്രമായി ഈ സ്ഥലം മാറിയെന്നും പറഞ്ഞ പാപ്പാ, ആർച്ച്‌കോൺഫ്രറ്റേണിറ്റിയുടെ ആതിഥ്യമര്യാദയ്ക്ക് നന്ദിയർപ്പിക്കുകയും ചെയ്തു. വർത്തമാന കാലത്തെ വെല്ലുവിളികളെ നേരിടുമ്പോൾ, വൈദികർക്ക്, അവരവരുടെ മാതൃരാജ്യത്തിലെ ആളുകളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും, ഉള്ളിലുള്ള പ്രത്യാശയ്ക്ക് സാക്ഷ്യം നൽകുവാനും, ഈ പരിശീലന കേന്ദ്രം സഹായകരമാണെന്നു പാപ്പാ ചൂണ്ടിക്കാണിച്ചു.
കോളേജിന്റെ ഒരു പ്രത്യേക സവിശേഷത, വിശുദ്ധ പത്രോസ് അപ്പോസ്തലന്റെ ശവകുടീരത്തോടുള്ള അതിന്റെ അതുല്യമായ സാമീപ്യമാണെന്ന് ചൂണ്ടിക്കാണിച്ച പാപ്പാ, ഈ സ്ഥാപനത്തിന്റെ ചരിത്രത്തിലുടനീളം, അതിന്റെ തുടക്കം മുതൽ തന്നെ, പരിശുദ്ധ പിതാക്കന്മാരോടുള്ള വിശ്വസ്തമായ വിധേയത്വം പാലിച്ചിട്ടുണ്ടെന്നും എടുത്തുപറഞ്ഞു. 2010-ൽ ബെനഡിക്ട് പതിനാറാമൻ പാപ്പാ, ഈ കോളജിനു പൊന്തിഫിക്കൽ പദവി നൽകിയിരുന്നു. അതിനാൽ, പത്രോസിന്റെ പിൻഗാമിയുമായും, മെത്രാന്മാരുമായുള്ള അടുപ്പവും, ഐക്യവും നിലനിർത്തണമെന്ന് പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.
ക്രിസ്തുവിലുള്ള ഈ ഏക വിശ്വാസമാണ് വിശ്വാസികൾക്കിടയിലെ ഐക്യത്തിന്റെ അടിസ്ഥാനമെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. യേശു ഇതിനു വേണ്ടിയാണ് തന്റെ പിതാവിനോട് പ്രാർത്ഥിച്ചതെന്നും ഇത്, വിശ്വാസയോഗ്യമായ സാക്ഷ്യത്തിനു ഏറെ ആവശ്യമാണെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.