അസീസ്സി (ഇറ്റലി): സകല സൃഷ്ടികളെയും ദൈവസ്നേഹത്തിന്റെ കണ്ണുകളോടെ കണ്ടുകൊണ്ട്, ദാരിദ്ര്യത്തിലും എളിമയിലും ക്രിസ്തുവിന്റെ സ്നേഹവും സമാധാനവും ലോകത്തിന് പകർന്നുനൽകിയ വിശുദ്ധ ഫ്രാൻസിസ് അസീസ്സി നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടിട്ട് ഇന്നേക്ക് 800 വര്‍ഷം. 1226 ഒക്ടോബർ 4ന് ഇറ്റലിയിലെ പോർസ്യുങ്കുളയില്‍വെച്ചാണ് ക്രിസ്തു സ്നേഹം വ്യത്യസ്തമായ രീതിയില്‍ പ്രകടിപ്പിച്ച വിശുദ്ധന്‍ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായത്. വിശുദ്ധന്റെ സ്വര്‍ഗ്ഗീയ യാത്രയുടെ 800-ാം വാർഷികാഘോഷങ്ങൾ അസീസ്സി നഗരത്തിൽ നേരത്തെ ആരംഭിച്ചിരിന്നു.
ഇന്നലെയും ഇന്നുമായി നടക്കുന്ന അസീസ്സിയിലെ തിരുനാൾ ആഘോഷങ്ങൾ ഈ ജൂബിലിവർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ്. വിശുദ്ധ ഫ്രാൻസിസ് നിത്യതയിലേക്കു പ്രവേശിച്ചതിനെ അനുസ്‌മരിക്കുന്ന 'ട്രാൻസിത്തുസ്' പ്രാർത്ഥനാശുശ്രൂഷയോടെയാണ് ചടങ്ങുകൾക്കു തുടക്കമായത്. വിശുദ്ധൻ അന്തരിച്ച ചാപ്പൽ സ്ഥിതി ചെയ്യുന്ന സെന്റ് മേരി ഓഫ് ദ ഏഞ്ചൽസ് ബസിലിക്കയിൽനിന്ന് നഗരം ചുറ്റി ആരംഭിച്ച പ്രദക്ഷിണം സെൻ്റ് ഫ്രാൻസിസ് ബസിലിക്കയിൽ സമാപിച്ചു. തുടർന്ന് ഇന്നലെ രാത്രി 11.59ന് സെൻ്റ് ഫ്രാൻസിസ് ബസിലിക്കയിലെ മണികൾ മുഴങ്ങിയതോടെ തിരുനാൾ ദിനത്തിന് തുടക്കമായി. തുടർന്നു നടന്ന വിശുദ്ധ കുർബാനയ്ക്ക് കർദ്ദിനാൾ ഏഞ്ചൽ ഫെർണാണ്ടസ് ആർത്തിമെ മുഖ്യകാർമികത്വം വഹിച്ചു.
പ്രധാന തിരുനാൾ ദിനമായ ഇന്നു രാവിലെ സെന്‍റ് ഫ്രാൻസിസ് ബസിലിക്കയിൽ ഔദ്യോഗിക തിരുനാൾ വിശുദ്ധ കുർബാന നടക്കും. ഇറ്റാലിയൻ ബിഷപ്‌സ് കോൺഫറൻസ് പ്രസിഡന്റ് കർദിനാൾ മത്തെയോ സുപ്പി കാർമികത്വം വഹിക്കും. അസീസ്സി ആര്‍ച്ച് ബിഷപ്പ് ഫെലിച്ചെ അക്രോക്ക സന്ദേശം നൽകും. ഇറ്റാലിയൻ പ്രസിഡൻ്റ് സെർജിയോ മാത്തറെല്ല, രാഷ്ട്രീയ നേതാക്കൾ, നയതന്ത്ര പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. സെപ്റ്റംബർ 24-ന് ആരംഭിച്ച പരിപാടി നാളെ ഒക്ടോബർ 5നു സമാപിക്കും. ആരാധനാപരമായ ചടങ്ങുകൾക്ക് പുറമേ, സാംസ്കാരിക പരിപാടികളും വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും ഈ നാളുകളില്‍ നടത്തപ്പെടും.
ലെയോ പതിനാലാമൻ പാപ്പ പ്രഖ്യാപിച്ച ഫ്രാൻസിസ്‌കൻ ജൂബിലിവർഷത്തിൻ്റെ ഭാഗമായി ലോകസമാധാനത്തിനായി ആഹ്വാനം ചെയ്‌തുകൊണ്ട് ആയിരക്കണക്കിനു തീർത്ഥാടകരും സഭാ-രാഷ്ട്രീയ നേതാക്കളുമാണ് ആഘോഷങ്ങളിൽ പങ്കുചേരുന്നത്. കേരളം ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിശുദ്ധന്റെ നാമധേയത്തിലുള്ള ദേവാലയത്തില്‍ സന്ദര്‍ശനം നടത്തി ദണ്ഡവിമോചനം നേടാനും അവസരമുണ്ടായിരിന്നു.