വിശ്വസ്തരും വിവേകികളും ഉത്തരവാദിത്തബോധമുള്ളവരുമായി സേവനം തുടരാൻ വത്തിക്കാൻ സായുധസേനയെ ക്ഷണിച്ച് പാപ്പാ

"ശുശ്രൂഷിക്കാനും, സംരക്ഷിക്കാനും, പരിപാലിക്കാനും" വത്തിക്കാൻ "ജെൻഡാർമറി" അംഗങ്ങൾക്കുള്ള ഉത്തരവാദിത്വം ഓർമ്മിപ്പിച്ചും, അത്, വിശ്വസ്തതയോടും വിവേകത്തോടും ഉത്തരവാദിത്തബോധത്തോടും കൂടി മുന്നോട്ട് കൊണ്ടുപോകാൻ ആഹ്വാനം ചെയ്‌തും ലിയോ പതിനാലാമൻ പാപ്പാ. ഒക്ടോബർ 3 ശനിയാഴ്ച ഉച്ചകഴിഞ്ഞ് വത്തിക്കാൻ ഉദ്യാനത്തിലെ ലൂർദ് മാതാവിന്റെ ഗ്രോട്ടോയിൽ ജെൻഡാർമറി സേനയുടെ സ്വർഗ്ഗീയമാദ്ധ്യസ്ഥനായ വിശുദ്ധ മിഖായേൽ മാലാഖയുടെ തിരുനാളിന്റെ പശ്ചാത്തലത്തിൽ, വിശുദ്ധ ബലിയർപ്പിച്ച അവസരത്തിലാണ് ഇത്തരമൊരു ആഹ്വാനം വത്തിക്കാനിലെ സായുധസേനാംഗങ്ങൾക്ക് പാപ്പാ നൽകിയത്.

വത്തിക്കാൻ ജെൻഡാർമറി സേനയിൽ പുതുതായി ചേർന്ന് സത്യപ്രതിജ്ഞ ചെയ്ത 15 അംഗങ്ങൾ ഉൾപ്പെടെയുള്ളവരെ അഭിസംബോധന ചെയ്ത പാപ്പാ, കെട്ടിടങ്ങളും പ്രവേശന കവാടങ്ങളും സംരക്ഷിക്കുന്നതിനപ്പുറം ഈ മതിൽക്കെട്ടുകൾക്കുള്ളിൽ വസിക്കുന്ന മനുഷ്യരെ സംരക്ഷിക്കാനുള്ള ചുമതലയാണ് നിങ്ങൾക്കുള്ളതെന്ന് ഓർമ്മിപ്പിച്ചു.

സുവിശേഷത്തിന്റെ സന്ദേശം പകരുന്ന വെളിച്ചത്തിൽ, സംരക്ഷിക്കുന്നതിലും, മറ്റുള്ളവരെ ശ്രദ്ധയോടെ ശ്രവിക്കുന്നതിലും അവരെ അനുഗമിക്കുന്നതിലൂടെയുമാണ് അധികാരം പ്രകടമാക്കേണ്ടതെന്ന് വ്യക്തമാക്കിയ പാപ്പാ, വിനയവും സമർപ്പണവും വിവേകവും ഉത്തരവാദിത്വബോധവും നിങ്ങളുടെ സേവനത്തിന്റെ അടിസ്ഥാനമാകണമെന്ന് സേനാംഗങ്ങളോട് ആവശ്യപ്പെട്ടു.

ശ്രദ്ധയോടെയുള്ള സേവനത്തിലും, എല്ലാ തിന്മകൾക്കുമെതിരായ യുദ്ധത്തിലും, വത്തിക്കാൻ ജെൻഡാർമറിയുടെ മധ്യസ്ഥനായ വിശുദ്ധ മിഖായേൽ മാലാഖയുടെ സംരക്ഷണത്തിന് സേനാംഗങ്ങളെ സമർപ്പിച്ച പരിശുദ്ധ പിതാവ്, വിശ്വസ്തരും വിവേകികളും ഉത്തരവാദിത്തമുള്ളവരുമായി സേവനം തുടരാൻ നിങ്ങൾക്കാകട്ടെയെന്ന് ആശംസിച്ചു.