സമാധാനത്തിനായി പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം തേടാൻ ആഹ്വാനവുമായി ലിയോ പതിനാലാമൻ പാപ്പാ

സമാധാനത്തിനായി ജപമാലയർപ്പിച്ചു പ്രാർത്ഥിക്കുന്ന കുട്ടികളോടൊപ്പം ചേർന്ന്, യുദ്ധമെന്ന വിപത്ത് അവസാനിക്കാനും ലോകത്തിന് സമാധാനമുണ്ടാകുവാനുമായി പ്രാർത്ഥിക്കാൻ ആഹ്വാനവുമായി ലിയോ പതിനാലാമൻ പാപ്പാ. ഒക്ടോബർ 5 ഞായറാഴ്ച ഉച്ചയ്ക്ക് വത്തിക്കാനിൽ ത്രികാലജപപ്രാർത്ഥന നയിച്ച അവസരത്തിലാണ്, "ക്ലേശിക്കുന്ന സഭകൾക്കുള്ള സഹായം" (Aid to Church in Need) എന്ന ഫൗണ്ടേഷന്റെ പിന്തുണയോടെ ഒക്ടോബർ 1 മുതൽ 7 വരെ തീയതികളിൽ, "പത്തുലക്ഷം കുട്ടികൾ ജപമാല ചൊല്ലുന്നു" എന്ന പേരിൽ നടക്കുന്ന പ്രാർത്ഥനയജ്ഞത്തെ പ്രത്യേകം പരാമർശിച്ചുകൊണ്ട്, സമാധാനത്തിനായി പ്രാർത്ഥിക്കാനുള്ള തന്റെ ആഹ്വാനം പരിശുദ്ധ പിതാവ് പുതുക്കിയത്.

ഫ്രാൻസിലേക്കും യുനെസ്കോയിലേക്കുമുള്ള തന്റെ അപ്പസ്തോലിക സന്ദർശനത്തിന്റെ അവസരത്തിൽ, ലൂർദ്ദിൽ വച്ച്, യുദ്ധങ്ങൾ അവസാനിക്കാനും, സമാധാനം സ്ഥാപിക്കപ്പെടാനും വേണ്ടിയുള്ള നിയോഗങ്ങൾ മുന്നിൽ വച്ച് ഒക്ടോബർ മാസത്തിൽ പ്രത്യേകമായ വിധത്തിൽ ജപമാല പ്രാർത്ഥന ചൊല്ലാൻ താൻ ആവശ്യപ്പെട്ടത് പരിശുദ്ധ പിതാവ് ഈ ഞായറാഴ്ചയും ഓർമ്മിപ്പിച്ചു. തന്റെ ഈ അഭ്യർത്ഥന ഏറ്റെടുത്തവരിൽ കൊച്ചു കുഞ്ഞുങ്ങളും ഉണ്ടെന്ന് പ്രസ്താവിച്ച പാപ്പാ, "ക്ലേശിക്കുന്ന സഭകൾക്കുള്ള സഹായം" എന്ന പേരിലുളള സംഘടനയുടെ, "ഒരു മില്യൺ കുട്ടികൾ ജപമാല ചൊല്ലന്നു" എന്ന യജ്ഞം അനുസ്മരിച്ചു. ഈ യജ്ഞത്തിൽ പങ്കെടുക്കുന്ന കുട്ടികളെ നന്ദിയോടെ അനുസ്മരിച്ച പാപ്പാ, നമുക്കേവർക്കും അവരുടെ മാതൃക പിന്തുടർന്ന്, യുദ്ധമെന്ന വിപത്തിൽനിന്ന് ജനതകളെ മോചിക്കാൻ വേണ്ടി പരിശുദ്ധ അമ്മയുടെ സഹായം അപേക്ഷിക്കാമെന്നും, അക്രമങ്ങളുടെ ഇരകളാകുന്ന നിരപരാധികളായ മനുഷ്യർക്ക് വേണ്ടിയും വിശുദ്ധ നാടിനുവേണ്ടിയും പ്രത്യേകം പ്രാർത്ഥിക്കാമെന്നും ആഹ്വാനം ചെയ്തു.

അസ്സീസിയിൽ, വിശുദ്ധ ഫ്രാൻസിസിന്റെ മരണത്തിന്റെ എണ്ണൂറാം വാർഷികവുമായി ബന്ധപ്പെട്ട് നടക്കുന്ന നിരവധിയായ പരിപാടികളിൽ സന്തോഷം പ്രകടിപ്പിച്ച പാപ്പാ, ഈ ചടങ്ങുകളിൽ ഇറ്റലിയിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ സാന്നിദ്ധ്യം പ്രത്യേകം അനുസ്മരിച്ചു. ഈ ഓർമ്മയാചരണത്തിന്റെ ഭാഗമായി അസ്സീസിയിൽ നടന്ന വിശുദ്ധ ബലിയർപ്പണത്തിന്, ബൊളോഞ്ഞ അതിരൂപതാദ്ധ്യക്ഷനും ഇറ്റലിയിലെ മെത്രാൻസമിതി പ്രസിഡന്റുമായ കർദ്ദിനാൾ മത്തെയോ മരിയ സൂപ്പി വിശുദ്ധ ബലിയർപ്പിച്ചിരുന്നു.

സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും ഉദ്ബോധനങ്ങൾ മുന്നോട്ടുവച്ച വിശുദ്ധ ഫ്രാൻസിസിന്റെ സന്ദേശം പരത്തുന്ന അസ്സീസ്സിയിലെയും ഫോളിഞ്ഞോയിലെയും അമച്വർ റേഡിയോ പ്രവർത്തകരെയും പരിശുദ്ധ പിതാവ് അനുസ്മരിച്ചു.