കൊറിയയിലെ കത്തോലിക്കാ സഭയുടെ ബുദ്ധിമുട്ടേറിയ ചരിത്രം അനുസ്മരിച്ചും, പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശം പുതുതലമുറകളിലേക്ക് പകരാൻ ആഹ്വാനം ചെയ്‌തും ലിയോ പതിനാലാമൻ പാപ്പാ. കൊറിയയിൽനിന്നുള്ളവരും റോമിൽ താമസിക്കുന്നവരുമായ വൈദികർക്കും സമർപ്പിതർക്കും ഒക്ടോബർ 5 തിങ്കളാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച് സംസാരിക്കവെയാണ്, സുദീർഘമായ കൊറിയൻ സഭയുടെ ചരിത്രവഴികൾ പരിശുദ്ധ പിതാവ് അനുസ്മരിച്ചത്. സമർപ്പിതർ അനുരഞ്ജനത്തിന്റെ ശില്പികളാകണമെന്നും പാപ്പാ ആവശ്യപ്പെട്ടു.
വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മയുറങ്ങുന്ന റോമിന്റെ മണ്ണിൽ, കൊറിയയിലെ സഭയ്ക്കും തങ്ങളുടെ വേരുകൾ കണ്ടെത്താനാകുമെന്ന് പ്രസ്താവിച്ച പാപ്പാ, ഈ അനുസ്മരണം പുതിയൊരു മിഷനറി നിയോഗത്തിനുള്ള വിളികൂടിയാകട്ടെയെന്ന് ആശംസിച്ചു. അകലെ നിന്ന് വന്നവരെങ്കിലും, ഇത് നിങ്ങളുടെ കൂടി ഭവനമാണെന്ന് പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു.
കൊറിയയിലെ സഭ കടന്നുപോയ വളർച്ചയുടെ ബുദ്ധിമുട്ടേറിയ വർഷങ്ങൾ അനുസ്മരിച്ച പാപ്പാ, അതിന് അടിത്തറയായി മാറിയ രക്തസാക്ഷിപാരമ്പര്യം സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശം പരത്തുന്നതിന് സഹായിക്കട്ടെയെന്ന് ആശംസിച്ചു. ചരിത്രം ഗൃഹാതുരത്വത്തിന്റെ ഓർമ്മകൾ മാത്രമാകാതെ, ദൈവത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള നന്ദിയും വർത്തമാനകാല പ്രവർത്തനങ്ങൾ ഉത്തരവാദിത്വത്തോടെ ചെയ്യാനുള്ള വിളിയുമാക്കി കാണാൻ പാപ്പാ ആഹ്വാനം ചെയ്തു.
ജപമാലയ്ക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ഈ മാസത്തിൽ, ആഗോളയുവജനദിനത്തിലേക്കുള്ള കൊറിയയുടെ യാത്രയെ, രാജ്യത്തിന്റെ സ്വർഗ്ഗീയ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന് സമർപ്പിച്ച പാപ്പാ, വിശുദ്ധ ആന്ദ്രെയ കിമ്മിൻറെയും വിശുദ്ധ പൗളോ ചോങ്ങിന്റെയും, കൊറിയയിൽനിന്നുള്ള വിശുദ്ധരുടെയും രക്തസാക്ഷികളുടെയും പിന്തുണ നിങ്ങൾക്ക് ലഭിക്കട്ടെയെന്ന് ആശംസിച്ചു.