പരിശുദ്ധ സിംഹാസനത്തിന്റെ വിവിധ കാര്യാലയങ്ങളിൽ, സേവനം ചെയ്യുന്ന, അത്മായ, വനിതാ അസോസിയേഷൻ പ്രതിനിധികൾക്ക് പാപ്പാ കൂടിക്കാഴ്ച്ച അനുവദിച്ചു. പാപ്പായുടെ ഇടയദൗത്യത്തിൽ പങ്കാളികളാകുന്ന ജീവനക്കാർക്ക് പരിശുദ്ധ പിതാവ് പ്രത്യേകം നന്ദിയർപ്പിച്ചു. നിർമ്മിത ബുദ്ധി ഉൾപ്പെടെയുള്ള പുതിയ സാങ്കേതിക വികസനങ്ങൾ തൊഴിൽ രംഗത്ത് വലിയ വെല്ലുവിളികൾ ഉയർത്തുന്ന ഈ കാലഘട്ടത്തിൽ, മനുഷ്യ കേന്ദ്രീകൃതത്വവും, തൊഴിലിന്റെ അലംഘനീയമായ മഹത്വവും കാത്തുസൂക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് പാപ്പാ എടുത്തു പറഞ്ഞു. തൊഴിൽ എന്നത് കേവലം ഒരു ഉപകരണമല്ലെന്നും, മറിച്ച് അത് ജീവിതത്തിന് മഹത്വം നൽകുന്നതും വ്യക്തിഗത സമഗ്രതയ്ക്കും, സമൂഹത്തിന്റെ പുരോഗതിക്കും കുടുബങ്ങളുടെ സംരക്ഷണത്തിനും സഹായിക്കുന്ന ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമൂഹത്തിന്റെ പുരോഗതിക്കും, പൊതുനന്മ കെട്ടിപ്പടുക്കുന്നതിനും തങ്ങൾക്ക് ലഭിച്ച കഴിവുകൾ ഉപയോഗപ്പെടുത്തിക്കൊണ്ട്, ലോകത്തെ മെച്ചപ്പെടുത്തുകയും മനോഹരമാക്കുകയും ചെയ്യുവാനുള്ള അവസരമാണ് തൊഴിൽ എന്നതും, പാപ്പാ എടുത്തുപറഞ്ഞു. വത്തിക്കാനിൽ ജോലി ചെയ്യുന്ന എല്ലാവരും ഒരേ ദൗത്യത്തിൽ പങ്കുചേരുന്ന ഒരു സഭാ കൂട്ടായ്മയാണെന്ന് അടിവരയിട്ട പാപ്പാ, ജോലിയിലെ വിശ്വസ്തത, അധ്വാനം, പ്രൊഫഷണലിസം എന്നിവയിലൂടെ എല്ലാവരും തുല്യ മഹത്വത്തോടെ ഒരേ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്നുവെന്നു പാപ്പാ ചൂണ്ടിക്കാണിച്ചു.
തർക്കങ്ങളുടെയോ സംഘർഷങ്ങളുടെയോ പാത ഒഴിവാക്കി, വത്തിക്കാൻ തൊഴിൽ കാര്യാലയവുമായി എപ്പോഴും തുറന്ന സംഭാഷണത്തിന്റെയും സർഗ്ഗാത്മക സഹകരണത്തിന്റെയും പാത പിന്തുടരണമെന്ന് വത്തിക്കാൻ അത്മായ ജീവനക്കാരോട് പാപ്പാ ആവശ്യപ്പെട്ടു. എല്ലാ തലങ്ങളിലും സംഭാഷണം പുനരാരംഭിക്കുക എന്നതാണ് തന്റെ ആദ്യ ചാക്രിക ലേഖനം അടിവരയിടുന്നതെന്നും പാപ്പാ എടുത്തുപറഞ്ഞു.
വത്തിക്കാനിൽ സ്ത്രീകളുടെ സാന്നിധ്യവും പങ്കാളിത്തവും ഏറെ വിലപ്പെട്ടതാണെന്ന് പാപ്പാ വ്യക്തമാക്കി. വ്യക്തികളോടും ബന്ധങ്ങളോടുമുള്ള പ്രത്യേക സംവേദനക്ഷമതയ്ക്ക് പുറമെ, അവരുടെ കഴിവുകൾ, വിവേചനാധികാരം, സർഗ്ഗാത്മകത എന്നിവ സ്ഥാപനങ്ങളുടെ വളർച്ചയ്ക്കും പ്രശ്നങ്ങളെ കൂടുതൽ വിശാലമായി വീക്ഷിക്കുന്നതിനും വലിയ സംഭാവനയാണ് നൽകുന്നതെന്നും, അതിനാൽ സ്ത്രീകളുടെ സാന്നിധ്യവും കഴിവുകളും കൂടുതൽ തിരിച്ചറിയപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യേണ്ടതുണ്ടെന്നും പാപ്പാ എടുത്തു പറഞ്ഞു.
ഒരുമിച്ച് ഈ പാതയിലൂടെ സഞ്ചരിക്കുന്നതിലൂടെ, പരസ്പരം സഹായിച്ചും ഓരോരുത്തരുടെയും മൂല്യവും കഴിവും അംഗീകരിച്ചും, അസംതൃപ്തിയും നീരസവും സൃഷ്ടിക്കുന്നത് ഒഴിവാക്കിക്കൊണ്ടും, സന്തോഷപ്രദമായ ഒരു പ്രവർത്തന അന്തരീക്ഷം കെട്ടിപ്പടുക്കാൻ പാപ്പാ ജീവനക്കാരെ ഏവരെയും ക്ഷണിച്ചു.