റാസൽഖൈമ: വിവിധ രാജ്യങ്ങളിൽ നിന്നുള്ള യുവജനങ്ങളെ അണിനിരത്തിക്കൊണ്ട് അന്താരാഷ്ട്ര യുവജന സമ്മേളനം ‘കാരിസ് ഏഷ്യ യൂത്ത് കോൺഫറൻസ് 2026’ (CAYC 2026) യു.എ.ഇയിലെ റാസൽഖൈമയിൽ നടക്കും.നവംബർ 13 മുതൽ 15 വരെ മൂന്ന് ദിവസങ്ങളിലായാണ് സമ്മേളനം.
കാരിസ് ഇന്റർനാഷണലിന്റെയും ആതിഥേയ രൂപതയായ അപ്പോസ്തോലിക് വികാരിയേറ്റ് ഓഫ് സതേൺ അറേബ്യയുടെയും (AVOSA) അംഗീകാരത്തോടെ കാരിസ് ഏഷ്യ ടീമാണ് പരിപാടിയുടെ സംഘാടകർ.”മലകളെ മാറ്റുക” (Move the Mountains – മത്തായി 17:20) എന്നതാണ് ഈ വർഷത്തെ സമ്മേളന പ്രമേയം.
വിവിധ സാംസ്കാരിക പശ്ചാത്തലങ്ങളിൽ നിന്നുള്ള യുവാക്കളെ ഒരുമിച്ചുകൂട്ടി പ്രാർത്ഥന, ആരാധന, ആത്മീയ പരിശീലനം എന്നിവയിലൂടെ വിശ്വാസജീവിതം ആഴപ്പെടുത്തുകയാണ് സംഗമത്തിന്റെ പ്രധാന ലക്ഷ്യം.സഭയുടെ ദൗത്യത്തിൽ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കാനും അന്താരാഷ്ട്ര തലത്തിൽ ആശയവിനിമയത്തിനുള്ള അവസരം ഒരുക്കാനും സമ്മേളനം ലക്ഷ്യമിടുന്നു.
കാരിസ് ഏഷ്യ കോൺ ഡിനെന്റൽ സർവീസ് ഓഫ് കമ്മ്യൂണിയൻ കോ-ഓർഡിനേറ്റർ ആന്റണി ലിം, കാരിസ് ഏഷ്യ സെക്രട്ടറിയും കാരിസ് അവോസ കോ-ഓർഡിനേറ്ററുമായ ക്ലിറ്റ്സൺ ജോസഫ്, കാരിസ് ഏഷ്യ കോൺഡിനെന്‍റല്‍ യൂത്ത് കോ-ഓർഡിനേറ്റർ അജിൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.
ആർച്ച്ബിഷപ്പ് ഫ്രാൻസിസ് കലിസ്റ്റ്, ബിഷപ്പ് പൗലോ മാർട്ടിനെല്ലി OFM Cap., ബിഷപ്പ് ആൽഡോ ബെറാർഡി O.SS.T., ഫാ. ജെ. ബോയ് ഗോൺസാലസ് SJ, ഫാ. ഡെറിക് ഡിസൂസ, മൈക്കേല ജോവാന ആർ. ഫ്ലോറസ്, നെതർലാൻഡ്സിൽ നിന്നുള്ള മിഷേൽ റെമരി തുടങ്ങിയ പ്രമുഖ ആത്മീയ-യുവജന നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും.
ആത്മീയ വളർച്ചയും സമകാലിക വെല്ലുവിളികളും ആസ്പദമാക്കി കീനോട്ട് സെഷനുകളും വർക്ക്‌ഷോപ്പുകളും ക്രമീകരിച്ചിട്ടുണ്ട്. ‘ജീസസ് യൂത്ത്’ പ്രത്യേക വർക്ക്‌ഷോപ്പിന് നേതൃത്വം നൽകും. കൂടാതെ, പങ്കെടുക്കുന്ന യുവാക്കൾക്ക് കൗൺസലിംഗും ആത്മീയ മാർഗനിർദേശവും നൽകുന്നതിനായി സന്യാസിനികളുടെ സേവനവും മൂന്ന് ദിവസങ്ങളിലും ലഭ്യമായിരിക്കും.ആഗോളതലത്തിൽ യുവ കത്തോലിക്കാ സമൂഹങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ ഈ സംഗമം വഴിതുറക്കുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.