ശ്രീ. ഉമ്മന്‍ചാണ്ടി: ദൈവവിശ്വാസം രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഊര്‍ജമാക്കിയ നേതാവ് - കെസിബിസി

കൊച്ചി: നീണ്ട 50 വര്‍ഷം ഒരേ മണ്ഡലത്തില്‍ നിന്ന് ജനപ്രതിനിധിയായി പ്രവര്‍ത്തിച്ചതിന്റെ അപൂര്‍വ ധന്യതയിലാണ് ശ്രീ. ഉമ്മന്‍ചാണ്ടി. പുതുപള്ളി നിയോജകമണ്ഡലത്തില്‍ നിന്നു മാത്രം 1970 മുതല്‍ ഒരിക്കലും തോല്‍ക്കാതെ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടുവെന്നതു തന്നെ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ  സമീപനത്തിന്റെ  സ്വീകാര്യതയെ സുചിപ്പിക്കുന്നു. മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം തുടക്കം കുറിച്ച ജനസമ്പര്‍ക്കപരിപാടിയുടെ മികവ് പരിഗണിച്ച് 2013-ല്‍ പൊതുപ്രവര്‍ത്തനത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ പുരസ്‌കാരം നേടിയത് ആഗോളതലത്തില്‍ അദ്ദേഹത്തെ ശ്രദ്ധേയനാക്കി.

'അതിവേഗം ബഹുദൂരം' എന്ന മുദ്രാവാക്യം തന്റെ ഭരണപരവും രാഷ്ട്രീയപരവുമായ സേവനങ്ങളുടെ ഭാഗമാക്കി അനേകം ജനക്ഷേമ പദ്ധതികള്‍ നടപ്പില്‍വരുത്തി. എടുത്തുപറയേണ്ട നിരവധി വികസന പദ്ധതികള്‍ നാടിനുവേണ്ടി പൂര്‍ത്തീകരിച്ച ഭരണകര്‍ത്താവാണദ്ദേഹം.  രാഷ്ട്രീയപരവും ആശയപരവും ആയ ഭിന്നതകള്‍ ഉള്ളവരോടും വ്യക്തിജീവിതത്തിന്റെ സംശുദ്ധിയെ ചോദ്യം ചെയ്തവരോടും, കല്ലെറിഞ്ഞ് പരിക്കേല്പിച്ചവരോടും ക്ഷമയും ശാന്തതയും പുലര്‍ത്തി   തന്റെ വിശ്വാസജീവിതത്തിന്റെ ശ്രേഷ്ഠത മുറുകെ പിടിക്കുന്നതിന് പരിശ്രമിച്ചു.  കേരള നിയമസഭയിലെ സാമാജികത്വത്തിന്റെ 50 വര്‍ഷങ്ങള്‍ പൂര്‍ത്തീയാക്കുന്ന ശ്രീ. ഉമ്മന്‍ ചാണ്ടിക്ക് കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ആശംസകളും അനുമോദനങ്ങളും. അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഭാവുകങ്ങള്‍ നേരുന്നു.


ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിളളി  
ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍,                
ഔദ്യോഗിക വക്താവ്, കെസിബിസി.                  
ഡയറക്ടര്‍, പി.ഒ.സി.