ലണ്ടൻ: മാനസിക സമ്മർദ്ധവും അനിശ്ചിതാവസ്ഥയും നിറഞ്ഞ കാലഘട്ടത്തിൽ ഡിജിറ്റല്‍ ബൈബിള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. പ്രമുഖ ഡിജിറ്റൽ ബൈബിള്‍ പ്ലാറ്റ്‌ഫോമായ 'യുവേർഷൻ'പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ലോകമെമ്പാടും പ്രതിദിനം ഏകദേശം 1.85 കോടി (18.5 മില്യൺ) ആളുകളാണ് യുവേർഷൻ ബൈബിള്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രതിദിന ഉപയോഗത്തിൽ 13 ശതമാനത്തിലധികം വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
‘ഉത്കണ്ഠ’, ‘പ്രതീക്ഷ’, ‘സൗഖ്യം’ എന്നിവയാണ് ആപ്ലിക്കേഷനില്‍ ഉപയോക്താക്കൾ ഏറ്റവും കൂടുതൽ തിരഞ്ഞ പദങ്ങളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദൈവീക സംരക്ഷണം പ്രത്യേകം പ്രമേയമാകുന്ന സങ്കീർത്തനം 91 ആണ് ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ വിശുദ്ധ ഗ്രന്ഥഭാഗം. ജീവിതത്തിലെ വെല്ലുവിളികൾക്കും ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താൻ ആളുകൾ തിരുവചനത്തിലേക്ക് മടങ്ങിയെത്തുന്നു എന്നതിന്റെ തെളിവാണ് ഉപയോക്താക്കളുടെ വര്‍ദ്ധനവെന്നു യുവേർഷൻ സ്ഥാപകനും സി.ഇ.ഒയുമായ ബോബി ഗ്രൂൺവാൾഡ് വ്യക്തമാക്കി.
യുകെയിൽ വിശ്വാസത്തോടും ആത്മീയതയോടുമുള്ള താൽപ്പര്യം ശക്തമായി വളരുകയാണെന്നും അത് സഭകളുമായും കൂട്ടായ്മകളെയും ബന്ധമുള്ള പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കുമെന്നും യുവേർഷൻ കോര്‍ഡിനേറ്ററായ എറിൻ ഗാർഡ്നർ പറഞ്ഞു. കഴിഞ്ഞ നവംബറോടെ ലോകമെമ്പാടും 100 കോടി ഡിവൈസുകളില്‍ ഇൻസ്റ്റാളേഷന്‍ നടത്തിയ ആപ്ലിക്കേഷന്‍ 16 കോടിയിലധികം പുതിയ ഡൗൺലോഡുകൾ രേഖപ്പെടുത്തി മുന്നേറുകയാണ്. നവംബറില്‍ ബൈബിള്‍ മാസാചരണത്തിന്റെ ഭാഗമായി 30 ദിവസത്തെ ബൈബിൾ വായനാ ചലഞ്ചും ലണ്ടനിലെയും ന്യൂയോർക്കിലെയും പ്രമുഖ നഗര കേന്ദ്രങ്ങളിൽ ഡിജിറ്റൽ ബൈബിൾ വാക്യ പ്രദർശനങ്ങളും യൂവേര്‍ഷന്‍ ഒരുക്കും.