പുനരൈക്യ നവതി |സഭാസംഗമത്തിന് ഇന്നു മാവേലിക്കരയില്‍ തുടക്കം

മലങ്കരസുറിയാനി കത്തോലിക്കാസഭ പുനരൈക്യ നവതി
സഭാസംഗമത്തിന് ഇന്നു മാവേലിക്കരയില്‍ തുടക്കം
മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ പുനരൈക്യ നവതി ആഘോഷവും സഭാസംഗമവും സെപ്റ്റംബര്‍ 18-മുതല്‍ 21-വരെ മാവേലിക്കര പുന്നമൂട് സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സമൂഹമാധ്യമങ്ങളുടെ സഹായത്തോടെ ഓണ്‍ലൈനായിട്ടാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതെന്നു മാവേലിക്കര ഭദ്രാസനാധ്യക്ഷന്‍ ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

സെപ്റ്റംബര്‍ 18-ന് രാവിലെ 11-നു കൊല്ലം തങ്കശ്ശേരി അരമന ചാപ്പലില്‍ വിശുദ്ധ കുര്‍ബാന നടക്കും. മലങ്കര സുറിയാനി കത്തോലിക്കാസഭ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ മുഖ്യ കാര്‍മികത്വം വഹിക്കും. കൊല്ലം ബിഷപ് ഡോ. പോള്‍ മുല്ലശ്ശേരി, ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍, മാവേലിക്കര ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും. തുടര്‍ന്നു പുനരൈക്യ നവതി സന്ദേശം അറിയിച്ചുകൊണ്ട് എം.സി.വൈ.എമ്മിന്റെ നേതൃത്വത്തില്‍ ദീപശിഖാപ്രയാണം കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യും.

വൈകുന്നേരം അഞ്ചിന് വിളംബര റാലിക്കും ഛായാചിത്ര പ്രയാണങ്ങള്‍ക്കും പുന്നമൂട് സെന്റ് മേരീസ് കത്തീഡ്രല്‍ അങ്കണത്തില്‍ സ്വീകരണം നല്‍കും. മാവേലിക്കര ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് നവതി ആഘോഷങ്ങള്‍ക്ക് കൊടിയേറ്റ് കര്‍മം നിര്‍വഹിക്കും.

19-ാം തീയതി രാവിലെ ഏഴിനു ദൈവദാസന്‍ മാര്‍ ഈവാനിയോസ് തിരുമേനിയുടെ മാതൃ ഇടവകയായ പുതിയകാവ് സെന്റ് ജോസഫ് കത്തോലിക്കാ ദേവാലയത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യ കാര്‍മികത്വം വഹിക്കും. വൈകുന്നേരം മൂന്നിന് മതസൗഹാര്‍ദ സമ്മേളനം നടക്കും.

കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷതവഹിക്കും. ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, സ്വാമി വീരഭദ്രാനന്ദ, പാളയം ഇമാം ഡോ. വി.പി. ശുഹൈബ് മൗലവി, പാലാ ബിഷപ് ഡോ. മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ പങ്കെടുക്കും.

20-നു വൈകുന്നേരം മൂന്നിന് എക്യുമെനിക്കല്‍ സംഗമത്തില്‍ കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷതവഹിക്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എക്യുമെനിക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.

21-നുരാവിലെ എട്ടിനു വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പൊതുസമ്മേളനവും പുനരൈക്യ നവതി ആഘോഷങ്ങളുടെ സമാപനവും പൊതുസമ്മേളത്തില്‍ കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും.