ലിയോ പതിനാലാമൻ പാപ്പായുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി

കഴിഞ്ഞ ദിവസം അറിയിച്ചിരുന്നതുപോലെ, "ലിയോ പതിനാലാമൻ പാപ്പായുടെ ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്യാനായി റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ വച്ചു നടത്തിയ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതായും, പരിശുദ്ധ പിതാവ് ആശുപത്രിയിലെ തന്റെ മുറിയിലേക്ക് മടങ്ങിയതായും" പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് അറിയിച്ചു. ഒക്ടോബർ 13 ചൊവ്വാഴ്ച റോമിലെ സമയം ഉച്ച കഴിഞ്ഞ് പരിശുദ്ധ പിതാവിന്റെ ഓപ്പറേഷൻ നടപടികൾ, "പ്രതീക്ഷിച്ച സമയത്തും, രീതിയിലും" പൂർത്തിയായെന്ന് പ്രെസ് ഓഫീസ് വ്യക്തമാക്കി.

ഒക്ടോബർ 11 ഞായറാഴ്ച, വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ഒരുമിച്ച് കൂടിയ വിശ്വാസികൾക്കൊപ്പം ത്രികാലജപപ്രാർത്ഥന നയിച്ച അവസരത്തിലായിരുന്നു, അടുത്തിടെ നടന്ന പരിശോധനകളിൽ, തന്റെ ശ്വാസകോശത്തിൽ ഒരു മുഴ ഡോക്ടർമാർ കണ്ടെത്തിയതായും, അത് വരും ദിവസങ്ങളിൽ നീക്കം ചെയ്യുമെന്നും പരിശുദ്ധ പിതാവ് അറിയിച്ചത്.

“പരിശുദ്ധ പിതാവ് മുറിയിലേക്ക് തിരികെയെത്തിയെന്ന്,” അറിയിച്ച പ്രെസ് ഓഫീസ്, "കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും" വൈകുന്നേരം എട്ടുമണിയോടെ പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി.