വോട്ടര്‍പ്പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട 'എസ്.ഐ.ആര്‍' (SIR) നടപടികളിലെ ക്രമക്കേടുകള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് കേരള കാത്തലിക് ഫെഡറേഷന്‍ (കെ.സി.എഫ്) പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു

കൊച്ചി: വോട്ടര്‍പ്പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട 'എസ്.ഐ.ആര്‍' (SIR) നടപടികളിലെ ക്രമക്കേടുകള്‍ക്കെതിരെയും, ഭരണഘടനാ സ്ഥാപനങ്ങളുടെ സുതാര്യതയും ജനാധിപത്യ മര്യാദകളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും വിദ്യാര്‍ത്ഥികളും യുവജനങ്ങളും വിവിധ സംഘടനകളും ഡല്‍ഹിയില്‍ നടത്തുന്ന അതിശക്തമായ പ്രതിഷേധങ്ങള്‍ക്ക് കേരള കാത്തലിക് ഫെഡറേഷന്‍ (കെ.സി.എഫ്) പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.


ഭരണഘടനാ സ്ഥാപനങ്ങളുടെ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഭരണഘടനയെയും ജനാധിപത്യ മൂല്യങ്ങളെയും സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുന്നതും, തങ്ങളുടെ ചുമതലകള്‍ ഏകപക്ഷീയമായി വിനിയോഗിച്ച് ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതും അങ്ങേയറ്റം ആശങ്കാജനകമാണ്. നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട ഉന്നത ഭരണഘടനാ പദവികള്‍ ജനാധിപത്യ തത്ത്വങ്ങള്‍ക്ക് വിരുദ്ധമായി പെരുമാറുന്നുവെന്ന ഉയര്‍ന്ന ആരോപണങ്ങള്‍ രാജ്യത്തിന്റെ പരമാധികാരത്തിന് തന്നെ ഭീഷണിയാണെന്ന് യോഗം വിലയിരുത്തി.
രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കേണ്ട യുവജനങ്ങളും വിദ്യാര്‍ത്ഥികളും തങ്ങളുടെ അവകാശങ്ങള്‍ക്കും ജനാധിപത്യ സംരക്ഷണത്തിനുമായി രംഗത്തിറങ്ങുമ്പോള്‍, ആ ജനമുന്നേറ്റങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന ഭരണകൂട നിലപാട് ജനാധിപത്യ സംവിധാനത്തിന് ചേര്‍ന്നതല്ല. യുവജനങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാനും ജനാധിപത്യ സ്ഥാപനങ്ങളുടെ വിശ്വസനീയത വീണ്ടെടുക്കാനും ബന്ധപ്പെട്ട അധികാരികള്‍ അടിയന്തരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.


കേരള കത്തോലിക്കാ സഭയുടെ അല്‍മായ പ്രസ്ഥാനമായ കെ സി എഫ് സംസ്ഥാന ഭാരവാഹികളുടെയും അംഗ സംഘടനകളുടെയും നേതൃയോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ബിജു ജോസി കരുമാഞ്ചേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി വി. സി. ജോര്‍ജ്കുട്ടി, ട്രഷറര്‍ അഡ്വ. ബിജു കുണ്ടുകുളം, വൈദിക ഉപദേഷ്ടാവ് ഫാ. തോമസ് തറയില്‍, അംഗസംഘടനാ നേതാക്കളായ കെ.എല്‍.സി.എ (KLCA) സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെറി ജെ. തോമസ്, കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, എം.സി.എ (MCA) സഭാതല പ്രസിഡന്റ് ബൈജു എസ്. ആര്‍. തുടങ്ങിയ പ്രമുഖ നേതാക്കള്‍ പ്രസംഗിച്ചു.


ഡല്‍ഹിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥി-യുവജന കൂട്ടായ്മകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വരും ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം ഐക്യദാര്‍ഢ്യ സംഗമങ്ങള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.