കൊച്ചി: നെടുമ്പാശേരിയിൽ മദ്യപിച്ചു വാഹനമോടിച്ചുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ട ഇരകളുടെ കുടുംബങ്ങൾക്കു പ്രതികളുടെയോ അവരുടെ കുടുംബത്തിന്റെയോ സ്വത്ത് കണ്ടുകെട്ടി നഷ്ടപരിഹാരം നൽകണമെന്ന് കെസിബിസി മദ്യവിരുദ്ധസമിതി. മദ്യപന്റെ ക്രൂരവിനോദത്തിനിരയായാണ് അപകടമുണ്ടായത്. യഥേഷ്ടം മദ്യശാലകൾക്ക് അനുമതി നൽകുന്ന സർക്കാരും ഈ കേസിലെ കൂട്ടുപ്രതിതന്നെയാണ്.
വോട്ടവകാശത്തിനും ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനും 18 വയസെന്ന പരിധി വയ്ക്കുമ്പോൾ കുറ്റകൃത്യങ്ങളിൽപ്പെടുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കാൻ പ്രായപൂർത്തിയാകണമെന്ന നിയമ വ്യവസ്ഥ മാറ്റിയെഴുതണം. മദ്യം മൂലം സംസ്ഥാനത്തുണ്ടായ അതിക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും റോഡപകടങ്ങളുടെയും ഭീകരത ജനിപ്പിച്ച കണക്കുകൾ ആഭ്യന്തരമന്ത്രി വെളിപ്പെടുത്തണം.
ഇത്തരം സംഭവവികാസങ്ങളും പുതിയ മദ്യനയ രൂപീകരണത്തിൽ കണക്കിലെടുക്കണമെന്നും മദ്യവിരുദ്ധസമിതി വക്താവും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള ആവശ്യപ്പെട്ടു.