ന്യൂയോർക്ക്: തിളങ്ങുന്ന പരസ്യബോർഡുകൾക്കും ആഡംബരങ്ങൾക്കും പേരുകേട്ട ടൈംസ് സ്ക്വയറിന്റെ തിരക്കുകളെ ഭക്തിസാന്ദ്രമാക്കി നഗരവീഥികളിൽ വീണ്ടും ചരിത്രപരമായ ദിവ്യകാരുണ്യ പ്രദക്ഷിണം. നാപ്പാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ഒക്ടോബർ 13-ന് സെന്റ് പാട്രിക്സ് കത്തീഡ്രലിൽ നിന്നാരംഭിച്ച ഈ വാർഷിക പ്രദക്ഷിണത്തിൽ ആയിരക്കണക്കിന് വിശ്വാസികളാണ് അണിനിരന്നത്. അമേരിക്കൻ കത്തോലിക്ക സഭയിൽ ആരംഭിച്ച 'യൂക്കരിസ്റ്റിക് റിവൈവൽ' എന്ന നവീകരണ മുന്നേറ്റത്തിന് പുതിയ ഊർജ്ജവും തീക്ഷ്ണതയും പകർന്നാണ് ബിഷപ്പ് എസ്പയിലാറ്റിന്റെ നേതൃത്വത്തില് ദിവ്യകാരുണ്യ പ്രദക്ഷിണം ആരംഭിച്ചത്.
വൈകുന്നേരം നാലുമണിക്ക് വിശുദ്ധ കുർബാന അര്പ്പണം നടന്നു. വിശുദ്ധ കുർബാനയ്ക്ക് മുന്നോടിയായി നടന്ന ധ്യാനവിചിന്തനങ്ങള്ക്ക് ഡൊമിനിക്കൻ സമൂഹാംഗമായ ഫാ. ഗ്രിഗറി പൈൻ, ഫാ. ജോൺ ബേൺസ് എന്നിവരും നേതൃത്വം നല്കി. വിശുദ്ധ കുർബാനയ്ക്ക് ശേഷം, ക്രിസ്തുവിന്റെ സാന്നിധ്യവും വിശ്വാസസാക്ഷ്യവും പകര്ന്നു കത്തീഡ്രലിൽ നിന്ന് നഗരത്തിലെ തിരക്കേറിയ തെരുവുകളിലേക്ക് ദിവ്യകാരുണ്യ പ്രദക്ഷിണം നീങ്ങി