പരിശുദ്ധ പിതാവ് കഴിഞ്ഞ രാത്രി സമാധാനപരമായി വിശ്രമിച്ചു: പരിശുദ്ധ സിംഹാസനം

ആശുപത്രിയിലായിരിക്കുന്ന “ലിയോ പതിനാലാമൻ പാപ്പാ കഴിഞ്ഞ രാത്രി സുഖകരമായി വിശ്രമിച്ചുവെന്നും, ഇന്ന് പ്രഭാതത്തിൽ ഉണർന്ന അദ്ദേഹം പ്രഭാതഭക്ഷണം കഴിച്ചുവെന്നും” പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് അറിയിച്ചു. ഒക്ടോബർ 15 വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ്, ഒക്ടോബർ 13 ചൊവ്വാഴ്ച മുതൽ റോമിലെ പോളിക്ലിനിക് ജെമെല്ലി ആശുപത്രിയിലായിരിക്കുന്ന പാപ്പായുടെ ആരോഗ്യനിലയെക്കുറിച്ച് വത്തിക്കാൻ ടെലെഗ്രാമിലൂടെ വ്യക്തമാക്കിയത്.

പരിശുദ്ധ പിതാവിന്റെ ആരോഗ്യസ്ഥിതിയും, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പുരോഗതിയും സംബന്ധിച്ച് ഒക്ടോബർ 14 ബുധനാഴ്ച പുറത്തുവിട്ട അറിയിപ്പുകളിൽ, ""ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ആരോഗ്യനില സാധാരണ രീതിയിൽ പുരോഗമിക്കുന്നുവെന്നും", "പരിശുദ്ധ പിതാവ് ശ്വസനസംബന്ധിയായ ഫിസിയോതെറാപ്പി ആരംഭിച്ചുവെന്നും, മുറിയിൽ നടക്കാൻ തുടങ്ങിയെന്നും" വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിച്ചിരുന്നു.

ആശുപത്രിയുടെ പത്താം നിലയിൽ പ്രത്യേകമായി ഒരുക്കപ്പെട്ട ഒരു മുറിയിൽ ബുധനാഴ്ച അർപ്പിക്കപ്പെട്ട വിശുദ്ധ ബലിയർപ്പണത്തിൽ പരിശുദ്ധ പിതാവ് സഹകാർമ്മികനായെന്ന് ബുധനാഴ്ച വൈകുന്നേരം പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് ഡയറക്ടർ മത്തെയോ ബ്രൂണി മാധ്യമപ്രവർത്തകരെ അറിയിച്ചിരുന്നു.

ഒക്ടോബർ പതിമൂന്നാം തീയതി നടന്ന ശസ്ത്രക്രിയയിൽ, ലിയോ പതിനാലാമൻ പാപ്പായുടെ വലതുശ്വാസകോശത്തിലെ താഴത്തെ ലോബ് പൂർണ്ണമായി നീക്കം ചെയ്‌തിരുന്നു. പ്രൊഫ. സ്തേഫനോ മർഗരിത്തോറ നയിച്ച ശസ്ത്രക്രിയാവിദഗ്ദരുടെ സംഘമായിരുന്നു ഓപ്പറേഷൻ നടത്തിയത്. പ്രൊഫ. എലീസ മെയാച്ചി, ഡോ. മരിയ തെരേസ കൊൺജേദോ, ഡോ. ലെയോനാർഡോ പെത്രാക്ക ച്യവറെല്ല എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഡോ. മാസ്സിമോ അന്തൊണെല്ലി, ഡോ. ജ്യോവന്നി പുൺത്സോ, ഡോ. ജ്യുസേപ്പേ ബെല്ലോ എന്നിവരായിരുന്നു അനസ്തേഷ്യ നൽകുന്ന സംഘത്തിലുണ്ടായിരുന്നത്.