കുടുംബങ്ങൾ പ്രാദേശിക സഭകളുടെ ജീവിതത്തിലും ദൗത്യത്തിലും സജീവ പങ്കാളികളാകണം: ലിയോ പതിനാലാമൻ പാപ്പാ

"അമോറിസ് ലെത്തീസ്യ"യുടെ പ്രബോധനങ്ങൾ ഉൾക്കൊണ്ട്, കുടുംബങ്ങളോട് ഇനിയും സുവിശേഷം പ്രഘോഷിക്കപ്പെടണമെന്നും, കുടുംബങ്ങൾ സഭാജീവിതത്തിൽ സജീവപങ്കാളികളാകണമെന്നും ലിയോ പതിനാലാമൻ പാപ്പാ. കുടുംബജീവിതവും ദാമ്പത്യസ്നേഹവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് പാപ്പാ പുറത്തിറക്കിയ "അമോറിസ് ലെത്തീസ്യ"യുടെ (Amoris laetitia) പത്താം വാർഷികത്തിന്റെ പശ്ചാത്തലത്തിൽ, ഒക്ടോബർ 14 ബുധനാഴ്ച വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ നടന്ന സമാപനസമ്മേളനത്തിന്റെ അവസരത്തിലാണ് പരിശുദ്ധ പിതാവ് ഇത്തരമൊരു സന്ദേശം നൽകിയത്. ശ്വാസകോശസംബന്ധിയായ പ്രശ്നങ്ങൾ മൂലം ആശുപത്രിയിലായിരിക്കുന്ന പാപ്പായുടെ സന്ദേശം, ആൽമായർക്കും, കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാൻ ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ കെവിൻ ജോസഫ് ഫാറൽ (Card. Kevin Joseph Farrell) ആയിരുന്നു വായിച്ചത്.

"അമോറിസ് ലെത്തീസ്യ"യുടെ പത്താം വാർഷികവുമായി ബന്ധപ്പെട്ട് വത്തിക്കാനിൽ നടന്ന വിവിധ പരിപാടികളിൽ സംബന്ധിക്കാൻ സാധിക്കാതിരുന്നത് പരാമർശിച്ച പാപ്പാ, ഈ സമ്മേളനത്തിൽ സംബന്ധിക്കുകയും ഒരുമിച്ച് പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്ത ഏവർക്കും നന്ദി പറഞ്ഞു. സമ്മേളനത്തിൽ സംബന്ധിച്ച് തങ്ങളുടെ വ്യക്തിപരമായ ജീവിതത്തിന്റെ കൂടി പശ്ചാത്തലത്തിൽ, കുടുംബജീവിത്തിലെ സന്തോഷങ്ങളും, പ്രയത്നങ്ങളും പ്രത്യാശകളും പങ്കുവച്ചതിൽ കുടുംബങ്ങൾക്കും, തന്റെ ക്ഷണമനുസരിച്ച് സമ്മേളനത്തിൽ സംബന്ധിച്ച പൗരസ്ത്യ കത്തോലിക്കാസഭകളുടെ തലവന്മാർക്കും വിവിധ മെത്രാൻസമിതികളുടെ അദ്ധ്യക്ഷന്മാർക്കും പരിശുദ്ധ പിതാവ് നന്ദി പറഞ്ഞു.

വത്തിക്കാനിൽ നടന്ന ഈ പ്രധാനപ്പെട്ട സമ്മേളനവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ മെത്രാൻസമിതികളും രൂപതകളുമായി പങ്കുവയ്ക്കാൻ ഏവരെയും ആഹ്വാനം ചെയ്‌ത പാപ്പാ, അതേസമയം, ഫ്രാൻസിസ് പാപ്പാ അമോറിസ് ലെത്തീസ്യയിലൂടെ മുന്നോട്ടുവയ്ക്കുന്ന ഉദ്‌ബോധനമനുസരിച്ച് കുടുംബങ്ങളോട് തുടർന്നും സുവിശേഷം പ്രഘോഷിക്കപ്പെടേണ്ടതുണ്ടെന്ന് പ്രസ്താവിച്ചു.

പ്രാദേശികസഭകളുടെ ജീവിതത്തിലും ദൗത്യത്തിലും കുടുംബങ്ങൾ സജീവപങ്കാളികളായിരിക്കണമെന്ന തന്റെ ആഗ്രഹവും പരിശുദ്ധ പിതാവ് പങ്കുവച്ചു. സമ്മേളനത്തിൽ പങ്കെടുത്തവരോട്, അവരുടെ പ്രാദേശിക സഭാസമൂഹങ്ങളോട് തന്റെ ആത്മീയസാമീപ്യവും പിന്തുണയും അറിയിക്കാൻ ആവശ്യപ്പെട്ട പാപ്പാ, അവർക്ക് തന്റെ പ്രാർത്ഥനകൾ ഉറപ്പുനൽകുകയും ഏവരോടും തനിക്കായി പ്രാർത്ഥിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു.