ശ്വാസകോശത്തിലെ ട്യൂമർ നീക്കം ചെയ്യുന്നതിനുവേണ്ടിയുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായ ലിയോ പതിനാലാമൻ പാപ്പാ, വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറിയേറ്റിലെ സബ്സ്റ്റിട്യൂട്ട് ആർച്ച്ബിഷപ് പൗളോ റുദെല്ലിക്ക് കൂടിക്കാഴ്ച അനുവദിച്ചതായി പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് അറിയിച്ചു. ഒക്ടോബർ 15 വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് ഒക്ടോബർ 13 ചൊവ്വാഴ്ച മുതൽ റോമിലെ പോളിക്ലിനിക് ആശുപത്രിയിൽ കഴിയുന്ന പരിശുദ്ധ പിതാവ്, ഔദ്യോഗിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി, തന്റെ അടുത്ത സഹപ്രവർത്തകരിൽ ഒരാളായ ആർച്ച്ബിഷപ് റുദെല്ലിയുമായി സംസാരിച്ചത്.
പരിശുദ്ധ പിതാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായും, ഫിസിയോ തെറാപ്പി ഉൾപ്പെടെയുള്ള കാര്യങ്ങൾ ആരംഭിച്ചതായും കഴിഞ്ഞ ദിവസങ്ങളിൽ പ്രെസ് ഓഫീസ് അറിയിച്ചിരുന്നു. ശസ്ത്രക്രിയ നടന്നതിന്റെ പിറ്റേന്ന്, ഒക്ടോബർ 14 ബുധനാഴ്ച ആശുപത്രിയുടെ പത്താം നിലയിൽ പ്രത്യേകമായി ഒരുക്കപ്പെട്ട ഒരു മുറിയിൽ നടന്ന വിശുദ്ധ ബലിയർപ്പണത്തിൽ പരിശുദ്ധ പിതാവ് സഹകാർമ്മികനായെന്ന്, പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് ഡയറക്ടർ മത്തെയോ ബ്രൂണി മാധ്യമപ്രവർത്തകരെ അറിയിച്ചിരുന്നു.
വത്തിക്കാൻ നയതന്ത്രജ്ഞനും അപ്പസ്തോലിക നൂൺഷ്യോയുമായ ആർച്ച്ബിഷപ് റുദെല്ലിയെ കഴിഞ്ഞ മാർച്ചിലാണ് പരിശുദ്ധ പിതാവ്, സ്റ്റേറ്റ് സെക്രെട്ടറിയേറ്റിലെ ആഭ്യന്തരവകുപ്പിന് സമാനമായ, പൊതുകാര്യങ്ങൾക്കായുള്ള സബ്സ്റ്റിട്യൂട്ട് സ്ഥാനത്തേക്ക് നിയമിച്ചത്. ഇരുവരും തമ്മിൽ നടന്ന കൂടിക്കാഴ്ചയുടെ വിശദമായ വിവരങ്ങളോ ചർച്ച ചെയ്ത വിഷയങ്ങളോ പരിശുദ്ധ സിംഹാസനം വ്യക്തമാക്കിയിട്ടില്ല.