ഭക്ഷ്യസുരക്ഷ മനുഷ്യരുടെ മൗലികാവകാശമാണെന്നും, ഭക്ഷ്യക്ഷാമം ഇല്ലാതാക്കുന്നതിനായി ധാർമ്മികതയിലൂന്നിയ സഹകരണവും രാഷ്ട്രീയ ഇശ്ചാശക്തിയും ആവശ്യമാണെന്നും ലിയോ പതിനാലാമൻ പാപ്പാ. ഈ വർഷത്തെ ലോക ഭക്ഷ്യദിനത്തിലേക്കായി നൽകിയ തന്റെ സന്ദേശത്തിലാണ്, വിശപ്പും ദാരിദ്ര്യവും അനുഭവിക്കേണ്ടിവരുന്ന മനുഷ്യരോടും നമ്മുടെ പ്രകൃതിയോടും ഉണ്ടാകേണ്ട ഉത്തരവാദിത്വത്തെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചത്.
ലോകം സാങ്കേതികവിദ്യയുടേതുൾപ്പെടെയുള്ള വിവിധ മേഖലകളിൽ വലിയ മുന്നേറ്റം നേടുമ്പോഴും, അനേകം മനുഷ്യർ വിശപ്പും ദാരിദ്ര്യവും സഹിക്കേണ്ടിവരുന്നു എന്നത് ധാർമ്മികമായ ഒരു പ്രതിസന്ധിയാണെന്ന്, ഭക്ഷ്യ കാർഷിക സംഘടന (FAO) യുടെ ഡയറക്ടർ ജനറൽ ക്യു ഡോങ്യുവിന് (Qu Dongyu) ഒക്ടോബർ 12 തിങ്കളാഴ്ച അയച്ച തന്റെ സന്ദേശത്തിൽ പാപ്പാ എഴുതി. "നാളത്തെ പോഷണത്തിനായി ഇന്നിനെ നവീകരിക്കുക" എന്ന ഈ വർഷത്തെ ലോക ഭക്ഷ്യദിനത്തിന്റെ പ്രമേയം പരാമർശിച്ച പാപ്പാ, സാങ്കേതികവിദ്യയിലുള്ള പുരോഗതി സാമ്പത്തികനേട്ടങ്ങളിലേക്ക് മാത്രമായി ഒതുങ്ങരുതെന്ന് ഓർമ്മിപ്പിച്ചു.
പ്രകൃതിയിലെ സുസ്ഥിരതയെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, മണ്ണിന്റെ ഫലഭൂയിഷ്ഠി സംരക്ഷിക്കുകയും കർഷകരുടെ അവകാശങ്ങൾ ഉറപ്പാക്കുകയും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുകയും ചെയ്യുന്ന നവീകരണത്തിലൂടെയാണ് യഥാർത്ഥ പുരോഗതി കൈവരിക്കാനാകുകയെന്ന് പരിശുദ്ധ പിതാവ് പ്രസ്താവിച്ചു. കാർഷികരംഗത്തെ ഗവേഷണങ്ങൾക്കും, മണ്ണിന്റെ ഫലഭൂയിഷ്ഠി തിരികെ കൊണ്ടുവരുന്നതിനായും കൂടുതൽ പരിശ്രമങ്ങൾ വേണമെന്ന് എഴുതിയ പാപ്പാ. സുസ്ഥിര രീതിയിലുള്ള കൃഷിയുടെ പ്രാധാന്യവും എടുത്തുപറഞ്ഞു.
ഭക്ഷ്യക്ഷാമമെന്നത് സാങ്കേതികവിദ്യയുടെ ലഭ്യതക്കുറവുകൊണ്ടോ അഭാവം കൊണ്ടോ മാത്രം ഉണ്ടാകുന്നതല്ലെന്നും, രാഷ്ട്രീയ ഇശ്ചാശക്തിയുടെയും ഐക്യദാർഢ്യത്തിന്റെയും സഹകരണത്തിന്റെയും കുറവുകൂടിയാണ് ഇതിന് കാരണമാകുന്നുണ്ടെന്നും പാപ്പാ ചൂണ്ടിക്കാട്ടി. ഭക്ഷ്യധാന്യങ്ങൾ അമിതമായ സാമ്പത്തികനേട്ടം ലക്ഷ്യമാക്കിയും, യുദ്ധായുധമെന്ന രീതിയിലും ഉപയോഗിക്കുന്നത് മനുഷ്യന്റെ അന്തസ്സിനോടുള്ള ഗുരുതരമായ അവഹേളനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
യുദ്ധങ്ങൾക്കും ആയുധങ്ങൾക്കുമായി രാജ്യങ്ങൾ വൻതുകകൾ നീക്കിവയ്ക്കുന്നത് പരാമർശിച്ച പരിശുദ്ധ പിതാവ്, കൃഷിമേഖലയിലേക്ക് കൂടുതൽ ഫണ്ടുകൾ നീക്കിവയ്ക്കേണ്ടതിന്റെ പ്രാധാന്യം തന്റെ സന്ദേശത്തിൽ പ്രത്യേകം എടുത്തുപറഞ്ഞു. പ്രകൃതിയോടും വിശപ്പും ദാരിദ്ര്യവും അനുഭവിക്കുന്ന പാവപ്പെട്ട മനുഷ്യരോടുമുള്ള നീതിപൂർവ്വമായ ഉത്തരവാദിത്വം മറക്കാത്ത ഒരു ആഗോളക്രമമാണ് ലോകത്തിന് ഇന്ന് ആവശ്യമെന്നും പാപ്പാ എഴുതി. ഭക്ഷ്യക്ഷാമമെന്ന പ്രശ്നത്തിന് മുന്നിൽ, വെറും പ്രഖ്യാപനങ്ങളിലേക്ക് മാത്രം ഒതുങ്ങാതെ, ധാർമ്മികമായ ഉത്തരവാദിത്വവും ഇശ്ചാശക്തിയും കാണിക്കാൻ എല്ലാ അംഗരാജ്യങ്ങളും തയ്യാറാകണമെന്നും പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു.