10 വര്‍ഷങ്ങള്‍ പിന്നിട്ട് ഗ്രേറ്റ് ബ്രിട്ടന്‍ രൂപത

ബര്‍മിംഗ്ഹാം: തലമുറകളായി പകര്‍ന്നുകിട്ടിയ വിശ്വാസത്തിന്റെ തിരിനാളം അണയാതെ കാത്തു സൂക്ഷിച്ചും അതിന്റെ വെളിച്ചം വരുംതലമുറ കളിലേ ക്ക് പകര്‍ന്നും ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപത അനുഗ്രഹസമൃദ്ധമായ പത്തു വര്‍ഷങ്ങള്‍ പിന്നിടുന്നു. എണ്‍പതിനായിരത്തിലധികം വിശ്വാസികളുടെ ആത്മീയഭവനമായി വളര്‍ന്ന രൂപത, മാര്‍ത്തോമാ ശ്ലീഹായില്‍നിന്നു പകര്‍ന്നു കിട്ടിയ പൈതൃകത്തില്‍ വേരുറപ്പിച്ച് പുതിയ പ്രേഷിതവഴികളിലേക്ക് ചുവടു വയ്ക്കുകയാണ്.

ഇംഗ്ലണ്ട്, സ്‌കോട്ട്ലന്‍ഡ്, വെയില്‍സ് എന്നീ രാജ്യങ്ങളില്‍ വിശുദ്ധ കുര്‍ബാന സെന്ററുകള്‍ ആയി വളര്‍ന്നുകൊണ്ടിരുന്ന സീറോ മലബാര്‍ സമൂഹ ത്തിന്റെ അജപാലനപരവുമായ ആവശ്യങ്ങള്‍ പരിഗണിച്ച്, 2016 ജൂലൈ 16-ന് ആണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപത സ്ഥാപിച്ചത്.

ദീര്‍ഘവീക്ഷണമുള്ള അജപാലന ആസൂത്രണ മാണ് രൂപതയുടെ ആദ്യ ദശകത്തെ ശ്രദ്ധേയമാക്കിയ പ്രധാന ഘടകങ്ങളിലൊന്ന്. 2017 മുതല്‍ 2022 വരെയുള്ള ആദ്യ പഞ്ചവത്സര അജപാലന പദ്ധതി, ‘സജീവ ശിലകള്‍’ എന്ന പേരില്‍ 2017 നവംബര്‍ 26-ന് ആരംഭിച്ചു. 2022 നവംബര്‍ 27-ന് ആരംഭിച്ച രണ്ടാം പഞ്ചവത്സര പദ്ധതി 2027 വരെയുള്ള കാലയളവിലേക്കുള്ളതാണ്.

10 വര്‍ഷങ്ങള്‍ക്കിടെ ഗ്രേറ്റ് ബ്രിട്ടനിലെ സജീവമായ കത്തോലിക്കാ സമൂഹമായി രൂപത വളര്‍ന്നു. ഇപ്പോള്‍ ഏഴ് ഇടവകകളും 81 മിഷനുകളും 29 നിര്‍ദിഷ്ട മിഷനു കളും രൂപതയ്ക്കുണ്ട്. 80 വൈദികര്‍ സേവന മനുഷ്ഠിക്കുന്നു.

അനുഗ്രഹത്തിന്റെ 10 വര്‍ഷങ്ങള്‍ ആഘോഷിക്കുമ്പോള്‍, ദൈവം നടത്തിയ വഴികളിലേക്ക് നന്ദിയോടെയും മുന്നിലുള്ള ദൗത്യങ്ങളിലേക്ക് പുതുക്കിയ സമര്‍പ്പണത്തോടെയുമാണ് രൂപത നോക്കുന്നത്.