സാർവത്രിക സഭയുടെ ഹൃദയഭാഗത്ത് 'ഗോ കോൺഫറൻസ് 2026'-നായി ഒത്തുചേരുന്ന ജീസസ് യൂത്ത് അംഗങ്ങൾ പരിശുദ്ധ പിതാവിനെ കാണുകയും അദ്ദേഹത്തിന്റെ ആശീർവാദം സ്വീകരിക്കുകയും ക്രിസ്തുവിനോടും സുവിശേഷവൽക്കരണ ദൗത്യത്തോടുമുള്ള തങ്ങളുടെ പ്രതിബദ്ധത പുതുക്കുകയും ചെയ്യുന്ന അനുഗ്രഹ സുദിനത്തിനായി ഒരുക്കങ്ങൾ പൂർത്തിയായി.
കേരളത്തിൽ ഉത്ഭവിച്ച അന്താരാഷ്ട്ര കത്തോലിക്കാ യുവജന പ്രസ്ഥാനമായ 'ജീസസ് യൂത്തി'ലെ ലോകമെമ്പാടുമുള്ള യുവജനങ്ങൾ 'ഗോ കോൺഫറൻസ് 2026'-നായി (GO Conference 2026) 2026 ഒക്ടോബർ 20 മുതൽ 25 വരെ റോമിൽ ഒത്തുചേരുന്നു. ഈ വർഷം, ജീസസ് യൂത്ത് പ്രസ്ഥാനം തുടങ്ങിയതിന്റെ നാല്പതാം വാർഷികവും, പൊന്തിഫിക്കൽ അനുമതി ലഭിച്ചതിന്റെ പത്താം വാർഷികവും ആഘോഷിക്കുമ്പോൾ, 2026 ഒക്ടോബർ 24-ന് വത്തിക്കാനിൽ നടക്കുന്ന മാർപ്പാപ്പയുമായുള്ള കൂടിക്കാഴ്ച ഏറെ പ്രാധാന്യമുള്ളതാണ്. ഈ അന്താരാഷ്ട്ര സംഗമത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്നായിരിക്കും ഒക്ടോബർ ഇരുപത്തിനാലാം തീയ്യതിയിലെ 'വത്തിക്കാൻ ദിനം'. സാർവത്രിക സഭയുടെ ഹൃദയഭാഗത്ത് ഒത്തുചേരുന്ന ജീസസ് യൂത്ത് അംഗങ്ങൾ പരിശുദ്ധ പിതാവുമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തിന്റെ ആശീർവാദം സ്വീകരിച്ച് തിരുസഭയുടെ സുവിശേഷവൽക്കരണ ദൗത്യത്തോടുമുള്ള തങ്ങളുടെ പ്രതിബദ്ധതയും അർപ്പണവും പുതുക്കുകയും ചെയ്യും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരത്തിലധികം യുവജനങ്ങൾ, വൈദികർ, മെത്രാന്മാർ, സഭാ നേതാക്കൾ, ജീസസ് യൂത്ത് അംഗങ്ങൾ എന്നിവരെ ഈ സംഗമം ഒരുമിപ്പിക്കും. ഒക്ടോബർ 20-ന് പ്രതിനിധികളുടെ ആഗമനത്തോടെ സമ്മേളനം ആരംഭിക്കും. തുടർദിവസങ്ങളിൽ കൂട്ടായ്മ (ഒന്നിച്ചു വളരുക), ദൗത്യം (അതിരുകൾക്കപ്പുറമുള്ള സ്നേഹം), പങ്കാളിത്തം (ഒരു സിനഡൽ പ്രസ്ഥാനമെന്ന നിലയിൽ ഒന്നിച്ചു നടക്കുക), അയയ്ക്കപ്പെടൽ (ഭൂമിയുടെ അതിർത്തികളിലേക്ക് പോകുക) എന്നീ പ്രമേയങ്ങൾ ചർച്ച ചെയ്യപ്പെടും. ലോകമെമ്പാടുമുള്ള മെത്രാന്മാർ, കർദ്ദിനാൾമാർ, സഭാധികാരികൾ, ദൈവശാസ്ത്രജ്ഞർ, കത്തോലിക്കാ പ്രസ്ഥാനങ്ങളുടെ പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. കണ്ണൂർ രൂപതാ മെത്രാനും ജീസസ് യൂത്തിന്റെ എക്ലീസിയാസ്റ്റിക്കൽ അഡ്വൈസറുമായ ബിഷപ്പ് അലക്സ് ജോസഫ് വടക്കുംതല അർപ്പിക്കുന്ന സമാപന വിശുദ്ധ കുർബാനയോടെ ഒക്ടോബർ 25-ന് ഈ മെഗാ കോൺഫറൻസ് സമാപിക്കും.
റോമിൽ നടക്കുന്ന 'GO കോൺഫറൻസ് 2026' ന് കേവലം ഒരു വാർഷികാഘോഷത്തിനപ്പുറമുള്ള പ്രാധാന്യമുണ്ട്. കൃതജ്ഞതയോടെ ഭൂതകാലത്തേക്ക് തിരിഞ്ഞുനോക്കാനും, നവീകരിച്ച മിഷനറി തീക്ഷ്ണതയോടെ, പ്രതീക്ഷയോടെ ഭാവിയെ നോക്കിക്കാണാനുമുള്ള ഒരു ക്ഷണമാണത്. വത്തിക്കാനിൽ ഒത്തുചേരുകയും പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പയെ സന്ദർശിക്കുകയും ചെയ്യുമ്പോൾ, കേരളത്തിലെ ചെറിയ പ്രാർത്ഥനാ കൂട്ടായ്മകളിൽ നിന്ന് ആഗോള കത്തോലിക്കാ യുവജന പ്രസ്ഥാനമായി വളർന്ന ജീസസ് യൂത്തിന്റെ തിരുസഭയിലെ സാന്നിധ്യം വിശ്വാസത്തിനും കൂട്ടായ്മയ്ക്കും മിഷനറി പ്രവർത്തനങ്ങളിലൂന്നിയ ശിഷ്യത്വത്തിനും കൂടുതൽ കെട്ടുറപ്പും അർത്ഥവും ആഴവും നൽകും എന്ന് നിസംശയം പറയാം. റോമിൽ നിന്ന്, ജീസസ് യൂത്തിലെ യുവജനങ്ങൾ സഭയുടെ ആഹ്വാനം വീണ്ടും ശ്രവിക്കും: ക്രിസ്തുവിനെ കണ്ടുമുട്ടുക, ഒരുമിച്ച് നടക്കുക എന്നീ അഗ്നി ജ്വാലകളുടെ അഭിഷേകത്തോടെ ആനന്ദത്തിന്റെ സുവിശേഷവുമായി ഭൂമിയുടെ അതിർത്തികളിലേക്ക് തുടർന്നും എത്തിച്ചേർന്ന് സുവിശേഷത്തിന്റെ സത്യ വെളിച്ചം എത്തിചേരാത്ത ഇടങ്ങളിൽ ഈശോയുടെ സുവിശേഷപ്രകാശം എത്തിക്കാനുള്ള തിരുസഭയുടെ ദൗത്യത്തിന് ഈ സംഗമം കൂടുതൽ ശക്തിപ്പെടുത്തട്ടെ.പി ഒ സി ഡയറക്ടർ ഫാ.തോമസ് തറയിൽ പങ്കെടുക്കും.